എരുമേലി: ഡിവൈഎഫ്ഐ നേതാവിന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ മുൻ പ്രവർത്തകരായ രണ്ടുപേർ അറസ്റ്റിൽ.
എരുമേലി ടൗണ്‍ സ്വദേശികളായ ആറ്റാതറ മുനീർ (32), നെല്ലിത്താനം മുബാറക്ക് എ. റഫീഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
എരുമേലിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി വിനീഷ് (വിഷ്ണു കണ്ണൻ) എന്നയാളുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പ്രതികൾ രണ്ടുപേരും ചേർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം വിനീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേന ചെല്ലുകയും കൗണ്ടറിൽ ഇരുന്ന വിനീഷിന്റെ കൈയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് വിനീഷ് ഒച്ചവയ്ക്കുകയും ബഹളം കേട്ട് കൂടെയുള്ള സഹപ്രവർത്തകർ വന്നപ്പോഴേക്കും പ്രതികൾ സ്ഥാപനത്തിൽനിന്ന് ഇറങ്ങിയോടി കാറിൽ കയറി കടന്നുകളയുകയുമായിരുന്നു.
വിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികൾ ഇരുവരെയും മണിക്കൂറുകൾക്കകംതന്നെ പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനിൽ തന്നെ വധശ്രമം, അടിപിടി തുടങ്ങി ഏഴ് കേസുകളും, മുനീറിന് എരുമേലി, വെച്ചൂച്ചിറ, തൃക്കാക്കര എന്നി സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.