ചങ്ങനാശേരി: വഴിതെറ്റിവന്ന ഡൽഹി സ്വദേശിയായ മോണ്ടി (12)യ്ക്ക് അലൻ ടി 21 ട്രസ്റ്റ് ഡയറക്ടർ റിൻസി ജോസഫിന്റെ കരുണയിൽ മാതാപിതാക്കളെ കണ്ടെത്താനായി. ഡൽഹി ഷുക്കൂർപൂർ സ്വദേശികളായ അനിത -പുരണ്ചാന്ദ് ദന്പതികളുടെ മകനാണ് മോണ്ടി. റിൻസിയുടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മോണ്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായത്. ഡൽഹിൽനിന്നും നാട്ടിലെത്തിയ അനിത-പുരണ്ചാന്ദ് ദന്പതികൾക്ക് ഇന്നലെ രാവിലെയാണ് മോണ്ടിയെ കൈമാറിയത്.
മൂകനും ബുദ്ധിന്യൂനതയുമുള്ള മോണ്ടി എന്ന ബാലൻ അഞ്ചു മാസങ്ങൾക്കു മുന്പാണ് വഴിതെറ്റി എറണാകുളത്തെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ മോണ്ടിയെ എറണാകുളത്തുള്ള സന്നദ്ധസംഘടനാ പ്രവർത്തകർക്കു കൈമാറി. ഇവർ കഴിഞ്ഞ മേയിൽ മോണ്ടിയെ തലയോലപ്പറന്പ് നീർപാറയിലുള്ള അസീസി ഡഫ് ആൻഡ് ഡന്പ് സ്പെഷൽ സ്കൂളിനു കൈമാറി. ജൂണ് ആദ്യവാരം മുതൽ മോണ്ടി അസീസി സ്കൂളിലെ വിദ്യാർഥിയായി.
ചങ്ങനാശേരി നടയ്ക്കപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അലൻ ടി 21 വെൽഫെയർ ട്രസ്റ്റ് ഡയറക്ടറും എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയർ സയൻസിലെ വിദ്യാർഥിനിയുമായ റിൻസി ജോസഫ് പഠനത്തിന്റെ ഭാഗമായി അസീസി സ്കൂളിൽ സന്ദർശനം നടത്തി.
അപ്പോഴാണ് മൂകനും ബുദ്ധിന്യൂനതയുമുള്ള മോണ്ടിയെ കണ്ടെത്തിയത്. സംസാരശേഷിയില്ലാത്തതിനാൽ മോണ്ടിയോടു സംസാരിക്കാനായില്ല. എന്നാൽ റിൻസി ഹിന്ദിയിൽ സംസാരിച്ചപ്പോൾ മോണ്ടി ചില കാര്യങ്ങൾ ഗ്രഹിച്ചു. നിരീക്ഷണത്തിൽ മോണ്ടിയുടെ കൈയിലെ പച്ചകുത്ത് കണ്ടെത്താനായി. ഇത് മോണ്ടിയുടെ വിലാസമാണെന്ന് മനസിലാക്കി റിൻസി ഇന്റനെറ്റിലൂടെ സന്ദേശം നൽകി. തുടർന്നു ഡൽഹിയിലുള്ള പരിചയക്കാരെ ഫോണിൽ ബന്ധപ്പെട്ട് മോണ്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചു.
എറണാകുള ത്തുള്ള ചൈൽഡ് ലൈനിന്റെ സഹായത്തോടെ മോണ്ടിയുടെ രക്ഷിതാക്കളെ കഴിഞ്ഞദിവസം നാട്ടിലെത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ റിൻസി ജോസഫിന്റെ നേതൃത്വത്തിൽ മോണ്ടിയെ മാതാപിതാക്കൾക്കു കൈമാറി.
ഇവരുടെ യാത്രച്ചെലവും ചൈൽഡ് ലൈനാണ് വഹിക്കുന്നത്. മോണ്ടിയെ കണ്ടെത്താനായത് അനിതയ്ക്കും പുരണ്ചാന്ദിനും ഏറെ ആഹ്ലാദമായി. രക്ഷിതാക്കളെ കണ്ടെത്തി അവർക്കൊപ്പം മോണ്ടിയെ പറഞ്ഞയച്ചതിലുള്ള ചാരിതാർഥ്യത്തിലാണ് റിൻസി ജോസഫ്.