നിലന്പൂർ: പണം ഇരട്ടിപ്പിക്കൽ വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. ചാലിയാർ പഞ്ചായത്തിലെ അകന്പാടം സ്വദേശി കളത്തിങ്കത്തൊടി സെബീ(20)റിനെയാണ് നിലന്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബന്ധുക്കളിൽ ചിലർ അടക്കം യുവാവിന്റെ തട്ടിപ്പിനിരയായി. മൂന്നു കോടിയോളം രൂപയാണ് വിവിധ ആളുകളിൽ നിന്നു യുവാവ് കൈപ്പറ്റിയത്.
പലർക്കും ചെക്കുകളും മറ്റു രേഖകളും കൈമാറിയിട്ടുണ്ട്. ഒരു ലക്ഷം രൂപ നൽകിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തി ഇരുപതിനായിരം തിരികെ ലഭിക്കുമെന്നു വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്.
എന്നാൽ നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും മുതലും പലിശയും ലഭിക്കാതെ വന്നതോടെയാണ് പണം നൽകിയവർ യുവാവിനെ സമീപിച്ചത്. ഇതോടെ സെബീർ മുങ്ങുകയായിരുന്നു. ഇതിനിടെ യുവാവിനെ കാണാനില്ലാത്തതിനെത്തുടർന്നു വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് വലയിലായത്.