അബുദാബി:ഉപഭോക്താക്കളെ വഞ്ചിച്ചെന്ന പരാതിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനം യുഎഇ സെന്‍ട്രല്‍ ബാങ്ക് പൂട്ടിച്ചു. മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാര്‍ട്ട് എക്സ്ചേഞ്ച് എന്ന സ്ഥാപനമാണ് അധികൃതര്‍ പൂട്ടിച്ചത്. അഞ്ചു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയില്‍ മൂന്നു ശാഖകളും അബൂദബിയില്‍ രണ്ടും ഷാര്‍ജയില്‍ ഒന്നുമായി യുഎഇയില്‍ ആറു ശാഖകളാണുണ്ടായിരുന്നത്. എന്നാല്‍ കുറേ ദിവസമായി സ്ഥാപനത്തിന്റെ ശാഖകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കംപ്യൂട്ടര്‍ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താല്‍ക്കാലികമായി തുറക്കാത്തത് എന്നാണ് ബ്രാഞ്ചുകളില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കും നീതിന്യായ വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വളരെ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നല്‍കിയായിരുന്നു ആനന്ദിന്റെ തുടക്കം. അതുകൊണ്ടു തന്നെ നിരവധി മലയാളികള്‍ ഇതിലേക്ക് ആകൃഷ്ടരായി. നിരവധി പ്രവാസികള്‍ പേര് ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് സ്ഥാപനം പൂട്ടിച്ചത്. 1000 മുതല്‍ 50,000 ദിര്‍ഹം വരെ അയച്ചവര്‍ക്കാണ് പണം നഷ്ടമായത്. ഇത്തരം സ്ഥാപനം തുടങ്ങാന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ തുക നിക്ഷേപമായി നല്‍കേണ്ടതുള്ളതുകൊണ്ട് പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിച്ചേക്കുമെന്നാണ് വിവരം ലഭിക്കുന്നത്.
ആനന്ദിന്റെ ചതിക്കുഴിയില്‍ വീണവരില്‍ ഏറെയും മലയാളികളാണ്. ഇയാള്‍ക്കെതിരെ അബുദാബി പൊലീസില്‍ ഇടപാടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. യുഎഇയിലെ ഇയാളുടെ അറബി സ്പോണ്‍സറും പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ പണം നഷ്ടമായവര്‍ക്ക് അത് തിരിച്ചു നല്‍കേണ്ട ബാധ്യത അറബിക്കുമില്ലെന്ന സ്ഥിതി വന്നു. ആയിരം ദിര്‍ഹം മുതല്‍ 45,000 ദിര്‍ഹം വരെ നഷ്ടപ്പെട്ട നിരവധി പ്രവാസികളുണ്ട്. വീട്ടിലേക്ക് പണം അയക്കാനായി മണി എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചവരാണ് കുടുങ്ങിയത്. നിക്ഷേപമായി കരുതിയ പണം വന്‍ തോതില്‍ നാട്ടിലേക്ക് അയക്കാന്‍ ശ്രമിച്ചവരാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ഏതാനും ദിവസമായി ഫോണ്‍ വിളിച്ചാല്‍ ആരും എടുക്കാറില്ലായിരുന്നു ഇതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മനസ്സിലാകുന്നത്. പലരും സ്ഥാപനത്തിന് മുമ്പിലെത്തി. ഇതോടെ പണം തട്ടിയെടുത്ത് ഉടമ പിന്മാറിയെന്ന് വ്യക്തമാക്കി. അബുദാബിയില്‍ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ടു ശാഖകള്‍ 27-ാം തീയതിയ്ക്കു ശേഷം തുറന്നിട്ടില്ല. ദുബായില്‍ ബുര്‍ജുമാന്‍, അല്‍ അത്തര്‍, കരാമ എന്നിവിടങ്ങളിലും ഷാര്‍ജയില്‍ ഒരിടത്തുമാണ് ഇവര്‍ക്കു ശാഖകളുള്ളത്. ചിലയിടങ്ങളില്‍ 24ാ-ം തീയതി മുതല്‍ തന്നെ ശാഖകള്‍ പൂട്ടിക്കിടക്കുകയാണ്. മുരുഗന് എന്നയാള്‍ 17-ാം തീയതി 17500 ദിര്‍ഹം മുസഫ ശാഖയില്‍നിന്ന് തമിഴ്നാട്ടിലെ സേലം ഫെഡറല്‍ ബാങ്കിലേക്ക് അയച്ചതാണ്. മൂന്നു ദിവസത്തിനു ശേഷവും പണം ലഭിക്കാതിരുന്നതിനാല്‍ ശാഖയിലെത്തി അന്വേഷിച്ചപ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് പണം ലഭിക്കാഞ്ഞതെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് 24-നു വീണ്ടും ശാഖയിലെത്തിയപ്പോള്‍ അടച്ചിട്ടിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ജീവനക്കാരാരും അവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്തു മാസമായി ഈ കമ്പനി വഴിയാണ് പണം അയച്ചിരുന്നതെന്നും ഒരു തരത്തിലുള്ള സംശയവും തോന്നിയിരുന്നില്ലെന്നാണ് ഷാജഹാന് എന്നയാള്‍ പറയുന്നത്. കേന്ദ്ര ബാങ്കിനെ വിവരം അറിയിച്ചുവെന്നും ഇടപാടുകാര്‍ക്കു പണം തിരിച്ചു ലഭിക്കുമെന്നും സ്പോണ്സര് പറഞ്ഞു. ഉടമയുടെ പാസ്പോര്‍ട്ട് തന്റെ പക്കലാണെന്നും രാജ്യത്തിനു പുറത്തുകടക്കാന്‍ കഴിയാത്ത തരത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതോടെ പണം തിരികെ കിട്ടുമെന്ന ആശ്വാസത്തിലാണ് ആളുകള്‍.