‘വീട്ടിൽ പണം കായ്കുന്ന മരമൊന്നുമില്ല’ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടാകും. എന്നാൽ പണം കായ്ക്കുന്ന മരങ്ങളുണ്ട്. നമ്മുടെ നാട്ടിലല്ല, യൂറോപ്യൻ രാജ്യമായ വെയിൽസിൽ. വളഞ്ഞു പുളഞ്ഞു വളരുന്ന ഇവിടത്തെ ഒരിനം മരത്തിന്റെ തടികളിലെല്ലാം നാണയങ്ങൾ കാണാം. പെട്ടെന്നു കണ്ടാൽ ഇവ മരത്തിൽ കായ്ച്ചതാണെന്നു തോന്നും. എന്നാൽ ഇത് മനുഷ്യർ കുത്തിവച്ചതാണ്.
ആഗ്രഹസാഫല്യത്തിനായി നമ്മുടെ നാട്ടിൽ ആളുകൾ കുളങ്ങളിലും മറ്റും നാണയങ്ങൾ ഇടുന്നതുപോലെ ഇവിടത്തുകാർ തങ്ങളുടെ രോഗം മാറാനാണ് ഈ മരങ്ങളിൽ നാണയങ്ങൾ കുത്തിവയ്ക്കുന്നത്. മരത്തിൽ തറച്ചിരിക്കുന്ന നാണയങ്ങൾ ആരെങ്കിലും വലിച്ചെടുത്താൽ അവർക്ക് രോഗം വരുമെന്നും ഇവർ വിശ്വസിക്കുന്നു. വെയിൽസിലെ വിനോദസഞ്ചാര മേഖലയായ പോർട്ടിമിറിയോണ് ഗ്രാമത്തിലാണ് ഈ നാണയ മരങ്ങൾ ഉള്ളത്. ഇവിടത്തെ ഏഴുമരങ്ങൾ നാണയങ്ങൾകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്.
ഇവിടത്തുകാർമാത്രമല്ല ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ പോലും തങ്ങളുടെ രോഗം മാറാൻ ഈ മരങ്ങളിൽ നാണയങ്ങൾ കുത്തിവയ്ക്കുന്നു. തൊലിപ്പുറത്തു കുത്തിവയ്ക്കുന്ന നാണയങ്ങൾ മരം വളരുന്നതിനനുസരിച്ച് അതിനുള്ളിലേയ്ക്കു പോകുന്നു. ഇങ്ങനെ നാണയം മരത്തിനുള്ളിലായാൽ തങ്ങളുടെ ആഗ്രഹം സഫലമാകുംമെന്നും വിശ്വാസമുണ്ട്.18-ാം നൂറ്റാണ്ട ുമുതലേ മരത്തിൽ നാണയമെറിയുന്ന ആചാരം വെയിൽസിലെ ഈ ഗ്രാമത്തിൽ നിലനിൽക്കുന്നു.