വൈപ്പിൻ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപയുമായി യുവാവ് കടന്നു.
വൈപ്പിൻ എടവനക്കാട് പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പണമാണ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
തന്റെ കുറച്ച് സ്വർണാഭരണങ്ങൾ ഞാറക്കലെ ദീപക് ഫിനാൻസ് എന്ന സ്ഥാപനത്തിൽ 1,90,000 രൂപക്ക് പണയം വച്ചിട്ടുണ്ടെന്നും അതു തിരികെയെടുക്കാൻ രണ്ടുലക്ഷം രൂപ തന്നാൽ പണയം മറിച്ച് ശ്രീറാം ഫിനാൻസിലേക്ക് മാറ്റാമെന്നും യുവാവ് ജീവനക്കാരിയെ ഫോണിൽ വിളിച്ച് പറഞ്ഞു വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്.
യുവാവ് പറഞ്ഞതനുസരിച്ച് ജീവനക്കാരി ഉടൻ പണവുമായി ഞാറക്കലിൽ യുവാവ് കാത്ത് നിന്നിരുന്ന സ്ഥലത്തെത്തി.
ഐഡി പ്രൂഫും മറ്റു കാര്യങ്ങളും ചോദിച്ചപ്പോൾ അമ്മയും സഹോദരിയും ദീപക് ഫൈനാൻസിൽ ഇരുപ്പുണ്ടെന്നും ഐഡിപ്രൂഫ് അവരുടെ പക്കലാണെന്നും യുവാവ് പറഞ്ഞു.
പണം തന്നാൽ ഇത് അവിടെ കൊടുത്ത് സ്വർണം എടുപ്പിച്ച് ഐഡി പ്രൂഫും സ്വർണവും ഏൽപ്പിക്കാമെന്ന് യുവാവ് പറഞ്ഞതോടെ ജീവനക്കാരി പണം നൽകി.
ദീപക് ഫൈനാൻസിന്റെ 100 മീറ്റർ അകലെ വെച്ചാണ് ഇത്രയും കാര്യങ്ങൾ നടന്നത്. ഇതേ തുടർന്ന് ജീവനക്കാരി യുവാവിനെ പണം ഏൽപ്പിച്ചു. തുടർന്ന് ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയാണ് ചെയ്തത്.
കാണാതായ ആളെതപ്പി ജീവനക്കാരി ദീപക് ഫൈനാൻസിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പായിരുന്നു എന്നറിഞ്ഞത്. ആളെ ഇതിനുമുന്പ് കണ്ട് പരിചയമില്ല.
സ്ഥാപന ഉടമയുടെ പരാതിയെ തുടർന്ന് ഞാറക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.