നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ലോഡ്ജിൽ വിരുന്നുകാരനായി അപൂർവയിനം കുരങ്ങെത്തി.
കേരളത്തിൽ ചിന്നാർ വനമേഖലയിൽ മാത്രം കാണപ്പെടുന്ന ഗ്രേ ലാംഗൂർ ഇനത്തിൽപെട്ട കുരങ്ങാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വരിക്കയാനി ബിനുവിന്റെ ഉടമസ്ഥതയിലുള്ള മരിയൻ ലോഡ്ജിലെത്തിയത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഗ്രേലാംഗൂർ ഉള്ളത്. മുഖവും ചെവിയും കറുപ്പുനിറമാണെങ്കിലും രോമം ചാരനിറത്തിലാണ്.
നീളമുള്ള വാലും ഇതിന്റെ പ്രത്യേകതയാണ്. സാധാരണയായി മനുഷ്യരോട് ഇണങ്ങാത്ത ഇനമാണെങ്കിലും ലോഡ്ജിലെത്തിയ കുരങ്ങൻ ഉടമ നൽകിയ പഴവും ദോശയടക്കമുള്ള ഭക്ഷണപദാർഥങ്ങളും കഴിച്ചു.
സാധാരണയായി ഇലകളാണ് ഇവയുടെ പ്രധാന ഭക്ഷണം. രാമക്കൽമേടിനു താഴെയായുള്ള തമിഴ്നാട് വനമേഖലയിൽ ഗ്രേലാംഗൂർ ഇനത്തിൽപെട്ട കുരങ്ങുകളുണ്ട്.
ഇവിടെനിന്നും കൂട്ടംതെറ്റി എത്തിയതാകാം ഈ ആണ്കുരങ്ങെന്നു കരുതുന്നു. വെള്ളിയാഴ്ച വൈകുന്നേരം ടെറസിലെത്തിയ കുരങ്ങ് പിന്നീട് തൊട്ടടുത്തുള്ള ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിലേക്ക് കയറി നിലയുറപ്പിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കുരങ്ങനെ പിടികൂടാനായില്ല.