നിഗൂഡതകളുടെ സുഗന്ധം! ലോകമറിയുന്ന ഫോട്ടോഗ്രാഫറില്‍ നിന്ന് പെര്‍ഫ്യൂം വ്യാപാരിയിലേക്ക്, ഗോവയില്‍ കൊല്ലപ്പെട്ട മോണിക്ക ഖൂര്‍ദെയുടെ ജീവിതത്തിലൂടെ

monicaaലേഡി ഓഫ് സ്‌മെല്‍. അങ്ങനെയായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ആ പേരില്‍ എല്ലാവരാലും വിളിക്കപ്പെടാനായിരുന്നു മോണിക്ക ഖുര്‍ദെയെന്ന 39കാരി ഇഷ്ടപ്പെട്ടിരുന്നതും. സുഗന്ധവ്യജ്ഞനവ്യാപാരി, മോഡല്‍, ഫോട്ടോഗ്രാഫര്‍…നീണ്ടുപോകുന്നു മോണിക്കയുടെ മേഖലകള്‍. ദേശീയ മാധ്യമങ്ങളിലെ ഫീച്ചര്‍ പേജുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു മോണിക്ക. പ്രസരിപ്പാര്‍ന്ന ഇടപെടലുകളിലൂടെ ഏവരുടെയും പ്രീതി പിടിച്ചുപറ്റിയ പെണ്‍കുട്ടി. മഹാരാഷ്ട്രയിലെ ഒരു ഇടത്തരം ഗ്രാമത്തില്‍ ജനിച്ച ഈ സാധാരണ പെണ്‍കുട്ടി കഠിനാധ്വാനത്തിലൂടെയാണ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

പ്രഫഷണല്‍ ഫോട്ടോഗ്രാഫറായിട്ടായിരുന്നു തുടക്കം. അവര്‍ ആഗ്രഹിച്ചിരുന്നതും ആ ജീവിതമായിരുന്നു. ചിത്രങ്ങളോടുള്ള പ്രണയമാണ് സുഗന്ധത്തിന്റെ ലോകത്തിലേക്ക് അവരെയെത്തിച്ചത്. 12 വര്‍ഷത്തോളം നീണ്ട ഫോട്ടോഗ്രാഫി ജീവിതത്തോട് വിടപറയുമ്പോള്‍ പലരും അത്ഭുതപ്പെട്ടു. പെര്‍ഫ്യൂം കമ്പനി തുടങ്ങിയതിന് പിന്നിലെ ചേതോവിഹാരം സുഹൃത്തുക്കളില്‍പ്പോലും അമ്പരപ്പുളവാക്കി. രണ്ടുവര്‍ഷം മുമ്പാണ് പെര്‍ഫ്യും ലാബ് അവര്‍ തുറക്കുന്നത്. ചെന്നൈയിലായിരുന്നു അത്. ആറുമാസം മുമ്പ് ഗോവയിലെ സന്‍ഗോള്‍ഡയിലേക്ക് താമസം മാറ്റുകയായിരുന്നു.

സെലിബ്രിറ്റി ജീവിതമായിരുന്നെങ്കിലും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും പുറംലോകത്തിന് അറിയില്ല. പരാജയമായ വിവാഹജീവിതത്തെക്കുറിച്ച് പറയാന്‍പോലും മടിച്ചു. പ്രശസ്തിയില്‍ വിരാജിക്കുമ്പോഴും ദാമ്പത്യജീവിതം പരാജയപ്പെട്ടത് മോണിക്കയെ വേദനിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.   അതേസമയം മോണിക്കയെ കൊന്നത് പരിചയമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ശരീരത്തില്‍ ബലം പ്രയോഗിച്ചതിന്റെ അടയാളങ്ങള്‍ ഇല്ലാത്തതിനാലാണ് പരിചയക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നത്.

Related posts