തൊടുപുഴ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിനടിയിലേക്കു തെറിച്ചു വീണു യുവതിക്കു ദാരുണാന്ത്യം. ഉടുന്പന്നൂർ മഞ്ചിക്കല്ല് പാറേക്കവല ചൂണ്ടാട്ട് അരുണിന്റെ ഭാര്യ മോനിഷ(28)യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അരുണിനെ കൈയ്ക്കു ഗുരുതര പരിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന മോനിഷ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ രാത്രി എട്ടരയോടെ തൊടുപുഴ- പെരിങ്ങാശേരി റൂട്ടിൽ കുരുന്പുപാടം കുറുപ്പംപടിയിലായിരുന്നു സംഭവം.
മോനിഷയും വാഴക്കുളത്ത് സ്റ്റുഡിയോ ജീവനക്കാരനായ അരുണും കൂടി സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്നതിനിടയിൽ സ്വകാര്യ ബസിനെ മറി കടന്നെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. മൂന്നു യുവാക്കളാണു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ മോനിഷ ബസിനടിയിലേക്കു തെറിച്ചു വീണു. ബസിന്റെ വലതു പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. നാട്ടുകാർ കരിമണ്ണൂർ ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അരുണ്‍-മോനിഷ ദന്പതികൾക്കു രണ്ടര വയസുള്ള ആണ്‍കുട്ടിയുണ്ട്. പണ്ടപ്പിള്ളി സ്വദേശിനിയാണ് മോനിഷ. കരിമണ്ണൂർ പോലീസ് നടപടി സ്വീകരിച്ചു.