പൊൻകുന്നം: പൊൻകുന്നം സ്വദേശിനി മോനിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അമ്മയുടെ പരാതിയിൽ ഓസ്ട്രേലിയയിലുള്ള ഭർത്താവിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി.പൊൻകുന്നം പനമറ്റം വെളിയന്നൂർ ചെറുകാട്ട് പരേതനായ മോഹൻ ദാസിന്റെയും സുശീലാ ദേവിയുടെയും മകളായ മോനിഷ (27) ഓസ്ട്രേലിയയിൽ വച്ച് ആത്മഹത്യ ചെയ്ത കേസിൽ മോനിഷയുടെ അമ്മ നല്കിയ ഭർതൃപീഡന പരാതിയിലാണ് കേരളാ പോലീസ് ഭർത്താവിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഓസ്ട്രേലിയയിലെ മെൽബണിൽ സ്വവസതിയിൽ വച്ചാണ് മോനിഷ (27)ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആറിന് മെൽബണിൽ ഇവർ താമസിക്കുന്ന വസതിയിൽ തൂങ്ങിമരിച്ച നിലയിൽ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭർത്താവ് അരുണ്‍ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്കരിച്ചു. മോനിഷ സോഫ്റ്റ്വെയർ എഞ്ചിനിയർ ആയിരുന്നു. അരുണ്‍ ഓസ്ട്രേലിയയിൽ നഴ്സായിരുന്നു.
ഒന്നര വർഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ആദ്യം രജിസ്റ്റർ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കൾ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ എംബിഎ (എച്ച്ആർ) കഴിഞ്ഞു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുകയാണെന്നായിരുന്നു വിവാഹത്തിന് മുന്‍പ് അരുണ്‍ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു. എന്നാൽ വിവാഹ ശേഷം മോനിഷ ഓസ്ട്രേലിയയിൽ ചെന്നപ്പോഴാണ് അരുണ്‍ മെയിൽ നഴ്സാണെന്നു തിരിച്ചറിഞ്ഞത്.
വിവാഹത്തിന് മുന്‍പ് തന്നെ ഓസ്ട്രേലിയയിൽ വീസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുണ്‍ നിർബന്ധിച്ച് മോനിഷയുടെയും അരുണിന്റെയും പേരിൽ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നു. അടുത്ത നാളിൽ 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് അരുണ്‍ ആവശ്യം ഉന്നയിച്ചിരുന്നു. മോനിഷയുടെ അമ്മ സർവീസിൽ നിന്നു വിരമിക്കുകയായിരുന്നു. ഈ സമയത്ത് വലിയ ഒരു തുക കിട്ടാനുള്ളത് അരുണിന് അറിയാമായിരുന്നു. മാർച്ചിൽ വിരമിക്കാനിരിക്കേ നേരത്തേ തന്നെ ആ തുക ആവശ്യപ്പെട്ടു. നിർബന്ധപ്രകാരം മൂന്നുലക്ഷം രൂപ അയച്ചു കൊടുത്തു. മകൾ ബുദ്ധിമുട്ടുന്നത് കണ്ട് ബാക്കി തുക നല്കാൻ ബാങ്കിൽ അമ്മ ലോണിന് അപേക്ഷിച്ചിരിക്കെയാണ് മരണ വാർത്ത എത്തുന്നത്.
മോനിഷയുടെ മൃതദേഹം നാട്ടിൽ എത്തിച്ച ശേഷം സംസ്കാര ചടങ്ങുകൾ പൂർത്തിയാകും മുന്‍പേ ഭർത്താവ് അരുണ്‍ മുങ്ങുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. പോലീസ് സംരക്ഷണയിലാണ് അരുൺ സംസ്കാര ചടങ്ങിനെത്തിയത്. മാത്രമല്ല സ്വന്തം ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്ക് പോലും ഭർത്താവ് ഉണ്ടായിരുന്നില്ല. അരുണിനെഅന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഓസ്ട്രേലിയക്ക് പോയി എന്നാണ് ലഭ്യമായ വിവരം. ലുക്ക് ഒൗട്ട് നോട്ടീസ് കേന്ദ്ര വിദേശ്യകാര്യ വകുപ്പ് മുഖേന മെൽബണിലേ ഇന്ത്യൻ എംബസിക്ക് അയച്ചിട്ടുണ്ട്. മരണത്തിൽ ഭർത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നൽകിയിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് മോനിഷ അമ്മയെ വിളിച്ച് താൻ പീഡിപ്പിക്കപ്പെടുന്നതായും, ഗ്യാസ് ചേന്പറിൽ എന്നപോലെയാണ് താൻ ഇവിടെ കഴിയുന്നതെന്നും പറഞ്ഞിരുന്നു.
ഫോണ്‍ വിളിക്കുന്പോൾ അരുണ്‍ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും മോനിഷ പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. മോനിഷയ്ക്ക് മൂന്ന് വയസുള്ളപ്പോൾ പിതാവ് മരിച്ചതാണ്. തുടർന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളർത്തിയത് അമ്മയാണ്. മകൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ ഭർത്താവിന് പങ്കുണ്ടെങ്കിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവിന്റെ പരാതി.