ബംഗളൂരു: കർണാടക ചരിത്രത്തിന്റെ ഭാഗമായി ബലാഗവി സ്വദേശിനി എം. മോനിഷ. സർക്കാർ വകുപ്പിൽ സ്ഥിരനിയമനം ലഭിക്കുന്ന ആദ്യ ഭിന്നലിംഗക്കാരിയാണ് മോനിഷ. ഗ്രൂപ്പ് ഡി. ജീവനക്കാരിയായാണ് മോനിഷയുടെ നിയമനം. ബലാഗവിയിലെ സുവർണ വിധാനസൗധയിൽ നാളെ ആരംഭിക്കുന്ന ശീതകാലസമ്മേളനത്തിൽ ഇവർ ജോലിയിൽ പ്രവേശിക്കും.
ഏഴാംക്ലാസ് യോഗ്യതയുള്ള മോനിഷ 2016ലാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. എന്നാൽ അപേക്ഷ തള്ളുകയാണുണ്ടായത്. തുടർന്ന് മോനിഷ ഹൈക്കോടതിയെ സമീപിച്ചു. മോനിഷയ്ക്ക് ജോലിക്ക് യോഗ്യതയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി അവർക്ക് സ്ഥിരംജോലി നല്കാൻ കർണാടക നിയമസഭാ കൗൺസിലിന് നിർദേശം നല്കി.
എന്നാൽ പേരുമാറ്റിയ സത്യവാങ്മൂലവും മറ്റ് മതിയായ രേഖകളുമില്ലാത്തതിനാൽ ഇവരെ താത്കാലിക ജീവനക്കാരിയായി നിയമിക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചിരുന്നു.
മോനിഷയെ മാത്രമല്ല, ഭിന്നലിംഗ വിഭാഗത്തെ മുഴുവനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രചോദനം നല്കുന്നതാണ് തീരുമാനമെന്ന് നിയമനിർമാണ കൗൺസിൽ സെക്രട്ടറി കെ.ആർ. മഹാലക്ഷ്മി അഭിപ്രായപ്പെട്ടു.