അന്പലപ്പുഴ: മൂന്നു വയസുകാരനെ മാതാവും കാമുകനും ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളോടെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.
അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വെള്ളംതെങ്ങ് മോനിഷ, കാമുകൻ വൈശാഖ് എന്നിവർ ചേർന്നാണ് കുട്ടിയെ മർദിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
കുട്ടി വീടിന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം സമീപവാസികളാണ് സംഭവം അറിയുന്നത്. തുടർന്ന് വിവരമറിഞ്ഞ് പഞ്ചായത്തംഗം സിനിലും നാട്ടുകാരും എത്തിയപ്പോഴേക്കും കടലിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ച വൈശാഖിനു കടൽഭിത്തിയിൽ തട്ടി പരിക്കേറ്റു.
ഇയാളെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈശാഖിനും ഭാര്യ മോനിഷക്കുമെതിരേ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് അന്പലപ്പുഴ സിഐ മനോജ് പറഞ്ഞു.
വൈശാഖുമായി മോനിഷയുടെ മൂന്നാം വിവാഹമാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികൾ ഭർത്താവിനൊപ്പമാണ് താമസം. രണ്ടാം വിവാഹത്തിലെ കുട്ടിയാണ് പരിക്കേറ്റത്.
മാസങ്ങളായി വൈശാഖിനോടൊപ്പം വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു മോനിഷയും മകനും. കടലാക്രമണത്തെത്തുടർന്ന് വൈശാഖിന്റെ മാതാപിതാക്കൾ വീടുവിട്ട് ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ വൈശാഖ് പലപ്പോഴും കുട്ടിയെ മർദിച്ചിരുന്നു.
മാതാവ് ഈ വിവരം പുറത്തറിയിച്ചിരുന്നില്ല. ഇതിനെ വൈശാഖിന്റെ മാതാപിതാക്കൾ എതിർത്തപ്പോൾ ഇവരെയും വൈശാഖ് മർദിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടു ദിവസം മുന്പ് കുട്ടിയെ വൈശാഖിന്റെ മാതാവ് വീട്ടിൽ കൊണ്ടുവന്നിരുന്നു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ശ്രദ്ധിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയും അച്ഛനും അടിക്കുമെന്നായിരുന്നു കുട്ടിയുടെ മറുപടി.
മൂന്നു മാസമായി വൈശാഖിൽനിന്നു കുട്ടിക്ക് മർദനമേൽക്കുന്നുണ്ടായിരുന്നുവെന്ന് പറയുന്നു. ഇത് മറച്ചുവച്ചതിനാണ് മോനിഷക്കെതിരെയും കേസെടുത്തത്.
ഐസിയുവിൽ പ്രവേശിപ്പിച്ച കുട്ടിയെ സ്കാനിംഗിന് വിധേയനാക്കി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത വൈശാഖിനെയും മോനിഷയേയും അന്പലപ്പുഴ കോടതിയിൽ ഹാജരാക്കി. ഇരുവരെയും പിന്നീട് റിമാൻഡ് ചെയ്തു.
ദേഹം മുഴുവൻ മർദനമേറ്റ പാടുകൾ
അന്പലപ്പുഴ: ദേഹം മുഴുവൻ പാടുമായി നിൽക്കുന്ന കുട്ടിയെ കണ്ട് കണ്ണീരൊഴുക്കുകയാണ് തീരദേശ ജനത. ജനനേന്ദ്രിയം ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും കുട്ടിക്ക് ക്രൂര മർദനമേറ്റിട്ടുണ്ട്. ലഹരിക്ക് അടിമയായ വൈശാഖ് കുട്ടിയെ മർദിക്കാത്ത ദിവസമില്ലായിരുന്നു.
എന്നാൽ കുട്ടിയുടെ മാതാവ് മോനിഷ ഈ വിവരം പുറത്തറിയിക്കാതിരുന്നാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്. മോനിഷയേയും കൊല്ലുമെന്ന് വൈശാഖ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പറയുന്നു.
വൈശാഖും മോനിഷയും ജയിലിലായതോടെ കുട്ടിയുടെ സുരക്ഷിതത്വം ചൈൽഡ് ലൈൻ ഏറ്റെടുത്തിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പരിചരിക്കാനും ചൈൽഡ് ലൈൻ പ്രവർത്തകരുണ്ട്.