ലൈംഗികശേഷി കൂട്ടുന്നതിന് എന്തുപൊടിക്കൈയും പരീക്ഷിക്കാന്‍ ചില ആളുകള്‍ തയ്യാറാണ്. അത്തരക്കാരെ ലക്ഷ്യമിട്ടുള്ള വിപണിയും ഇന്ത്യയില്‍ നല്ലരീതിയില്‍ സജീവമാണ്. ലൈംഗിക ശേഷി കൂട്ടാന്‍ ഉടുമ്പുകളുടെ ലൈംഗികാവയവത്തിനാകുമെന്ന വിശ്വാസമാണ് പുതിയതായി ഉയര്‍ന്നിരിക്കുന്നത്. ദിവസവും ഉടുമ്പുകളുടെ ലൈംഗികാവയവുമായി പിടിയിലാകുന്നത് അനേകംപേരാണ്. ലൈംഗികശേഷി കൂട്ടുന്നതിനും വന്ധ്യത പരിഹരിക്കുന്നതിനും ഉടുമ്പുകളുടെ ലൈംഗികാവയവം ഔഷധമാണെന്നാണ് വിശ്വാസം. ആയുര്‍വേദ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇതിന്റെ വില്‍പന നടക്കുന്നത്. പ്രത്യേക ആകൃതിയുള്ളതിനാല്‍ ഹാത്ത ജോഡിയെന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഇന്‍ഡോറിലും കാര്‍ഗോണിലും നടത്തിയ പരിശോധനകളില്‍ മധ്യപ്രദേശ് സ്പെഷല്‍ ടാസ്‌ക്ഫോഴ്സ് 68 അവയവങ്ങള്‍ പിടികൂടി.
ഉടുമ്പുകളുടെ ലൈംഗികാവയവം കഴിച്ചാല്‍ ഉത്തേജനം കൂടുമെന്നത് മതത്തിന്റെ പിന്തുണയോടെ വിശ്വാസമാക്കി വളര്‍ത്തിയെടുക്കാനാണ് ശ്രമമെന്ന് മധ്യപ്രദേശ് വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍.പി.സിങ് പറഞ്ഞു. ഇന്‍ഡോറില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറന്‍ മധ്യപ്രദേശില്‍നിന്നും രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്നുമാണ് വന്‍തോതില്‍ ഇവ ശേഖരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഉടുമ്പുകള്‍ ഈ മേഖലകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. 500 രൂപമുതല്‍ 15,000 രൂപവരെയാണ് ഇതിന് ഈടാക്കുന്നത്. ഉപഭോക്താവ് എത്രത്തോളം ആവശ്യക്കാരനാണോ അത്രയും വിലയും കൂടും. ഉടുമ്പുകളുടെ ലൈംഗികാവയവം കഴിച്ചാല്‍ ലൈംഗിക ഉത്തേജനം കൂടുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ആരോഗ്യവിദഗിധര്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കി.