അഞ്ചല്‍ : കുരങ്ങുകൾ കൂട്ടമായി ചത്ത നിലയില്‍. വനം വകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന ആനക്കുളം ഭാഗത്താണ് കുരങ്ങുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയത്.
ആനക്കുളം കുടുക്കത്ത്പാറ ഇക്കോ ടൂറിസത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ രണ്ട് പുരയിടങ്ങളിലായി 9 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജുവിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ മൃതദേഹം വനം വകുപ്പില്‍ നിന്നുള്ള വെറ്ററിനറി സര്‍ജന്റെ സഹായത്തോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറവ് ചെയ്തു.
വൈദ്യുതാഘാതമേറ്റതാണ് കുരങ്ങുകള്‍ കൂട്ടമായി ചാകാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
കൂടുതല്‍ പരിശോധനക്കായി ഇവയുടെ സാമ്പിളുകള്‍ പാലോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
അതേസമയം വന്യമൃഗ വേട്ടയ്ക്കായി ഒരുക്കിയ കെണിയില്‍ കുരങ്ങുകള്‍ അകപ്പെട്ടതാണോ എന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്.