ലിബിയയില്‍ കഴിഞ്ഞ നാലു ദിവസമായി നീളുന്ന ഏറ്റുമുട്ടലില്‍ മരിച്ചത് 16പേര്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാശനഷ്ടങ്ങള്‍ വേറെ. രണ്ട് ഗോത്രങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇത്രയും പ്രശ്നങ്ങള്‍ വിതച്ചതോ, ഒരു കുരങ്ങനും!
ഒരു പെണ്‍കുട്ടിയുടെ തലയിലെ സ്കാര്‍ഫ് കുരങ്ങന് വലിച്ചൂരിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് അവ്ലാദ് സുലൈമാന്‍ ഗോത്രക്കാരെ ചൊടിപ്പിച്ചു. തങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഗദ്ദാദ്ഫ് വിഭാഗം മനപ്പൂര്‍വം കുരങ്ങിനെക്കൊണ്ട് ഇത്തരത്തില്‍ ചെയ്യിച്ചതാണെന്ന് അവ്ലാദ് സുലൈമാന്കാര് ധരിച്ചു. അവര്‍ ഗദ്ദാദ്ഫ കൂട്ടത്തിലെ മൂന്നുപേരെയും കുരങ്ങിനേയും കൊന്നു. ഇതോടെ അവസ്ഥ വീണ്ടും ഗുരുതരമായി. ടാങ്കുകളുടേയും ആയുധങ്ങളുടേയും പ്രയോഗങ്ങള്‍ക്കാണ് രണ്ടും മൂന്നും ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്.
സാഭാ പ്രദേശത്തെ ഏറ്റവും ആയുധബലമുള്ള രണ്ട് വിഭാഗങ്ങളാണ് അവ്ലാദ് സുലൈമാനും ഗദ്ദാദ്ഫയും. യുദ്ധം തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തന്നെ പരിഹാരം കാണാനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാറ്റാനും മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചുവെങ്കിലും തടന്നില്ല. ഞായറാഴ്ച്ച യുദ്ധാന്തരീക്ഷം ശാന്തമായതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ കൂട്ടത്തില്‍ സഹാരന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.