ഷിംല: കേരളം തെരുവുനായ്ക്കളെക്കൊണ്ടു പൊറുതിമുട്ടുമ്പോൾ ഹിമാചൽ പ്രദേശിനെ വലയ്ക്കുന്നതു കുരങ്ങുകളുടെ ശല്യമാണ്. വെറും ശല്യമെന്നു പറഞ്ഞാൽ പോരാ, ജനജീവിതം തന്നെ കുഴപ്പത്തിലാക്കിയിരിക്കുകയാണ് കുരങ്ങുകളുടെ ചെയ്തികൾ. മനുഷ്യരെ ആക്രമിച്ചു പരിക്കേൽപ്പിക്കുന്നു, വീടുകളിലെ വാട്ടർ ടാങ്കുകൾ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നു, വീട്ടിനുള്ളിലും വാഹനങ്ങളിലും കയറി വസ്തുവകകൾ മോഷ്ടിക്കുന്നു, ചിലതൊക്കെ കടിച്ചും കീറിയും നശിപ്പിക്കുന്നു, ഭക്ഷണം എടുത്തുകൊണ്ടുപോകുന്നു എന്നു തുടങ്ങി കുരങ്ങുകളുടെ വിളയാട്ടം പറയേണ്ടതില്ല. ചില കണക്കുകൾ കേട്ടോളൂ, 2015-16 വർഷത്തിൽ കുരങ്ങുകൾ ആക്രമിച്ചതായി 2,200 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിവസം കുറഞ്ഞത് ആറെണ്ണം! ഇതു റിപ്പോർട്ട് ചെയ്യപ്പെടുന്നവ മാത്രം.
കുരങ്ങുകൾ ആക്രമിച്ചവർക്കു നഷ്ടപരിഹാരമായി സർക്കാർ കഴിഞ്ഞ വർഷം നൽകിയത് 1.01 കോടി രൂപ. കുരങ്ങുകളുണ്ടാക്കുന്ന വിളനാശം 500 കോടി രൂപയുടേതാണെന്നു സർക്കാർ തന്നെ പറയുന്നു. എന്നാൽ, ഹിമാചൽ കിസാൻ സഭ എന്ന കർഷക സംഘടന പറയുന്നത് 2,000 കോടി രൂപയാണ് ഒരു വർഷം നഷ്ടം വരുത്തിവയ്ക്കുന്നതെന്നാണ്. ഇത്രയും വായിക്കുമ്പോൾ ഹിമാചലിലെ കുരങ്ങുകളുടെ വിളയാട്ടം എത്രയധികമാണെന്ന് ഊഹിക്കാമല്ലോ.
കുരങ്ങുകൾ അനിയന്ത്രിതമായി പെറ്റുപെരുകിയതാണ് പ്രധാന പ്രശ്നം. തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നു കൂടിയാണു കുരങ്ങുശല്യം. കുരങ്ങുകളുടെ പെരുകൽ നിയന്ത്രിക്കാൻ വന്ധ്യംകരണ പദ്ധതിയാണ് നടപ്പാക്കുന്നത്. 10 വർഷംകൊണ്ട് 1.25 ലക്ഷം കുരങ്ങുകളെ വന്ധ്യംകരിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇവയെ പിടികൂടി വന്ധ്യംകരിക്കുക അത്ര എളുപ്പമല്ലതാനും.
2015ലെ സർവേ പ്രകാരം 2,07,614 കുരങ്ങുകളുണ്ട്. 2013ൽ 2,24,086 ആയിരുന്നു. വന്ധ്യംകരണമാണു കുറവു വരുത്തിയതെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ എസ്.കെ.ശർമ അവകാശപ്പെടുന്നു.എട്ടു വന്ധ്യംകരണ ക്ലിനിക്കുകളാണ് ഹിമാചലിൽ ഉള്ളത്. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നാണ് കുരങ്ങുപിടിത്തക്കാരെ എത്തിക്കുന്നത്. ഒരു കുരങ്ങിനെ പിടിക്കുന്നതിന് 700 രൂപയാണ് കൂലി. ഒരു സംഘത്തിലെ 80 ശതമാനം കുരങ്ങുകളെ പിടിക്കാൻ കഴിഞ്ഞാൽ കുരങ്ങൊന്നിന് 1,000 രൂപ വീതം അവർ ഈടാക്കും. വന്ധ്യംകരണത്തിനു ശേഷം കുരങ്ങുകളെ പഴയ താവളങ്ങളിലേക്കു തുറന്നുവിടും. വൻതുക മുടക്കി വന്ധ്യംകരണം നടത്തിയിട്ടും കുരങ്ങുകളുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടില്ല. ആക്രമണങ്ങൾ കുറഞ്ഞിട്ടുമില്ല.
പരാതി രൂക്ഷമായതോടെ 2010-11ൽ വിളകൾക്കു നാശം വരുത്തുന്ന കുരങ്ങുകളെ കൊല്ലാൻ സർക്കാർ കർഷകർക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ, ഇതു ഹൈക്കോടതി ഇടപെട്ടു തടഞ്ഞു. തുടർന്നു ചില മേഖലകളെ കുരങ്ങുവിരുദ്ധ മേഖലകളായി പ്രഖ്യാപിച്ച് ഇവിടെനിന്നു കുരങ്ങുകളെ തുരത്താൻ നപടിയെടുത്തു.
അവസാനമായി കുരങ്ങുകൾക്കു ഗർഭനിരോധന ഗുളികൾ കഴിക്കാൻ കൊടുത്തു പരീക്ഷണം നടത്താനാണ് സർക്കാർ തീരുമാനം. ചില രാജ്യങ്ങൾ ഭക്ഷണത്തിനൊപ്പം ഇത്തരം ഗുളികകൾ മൃഗങ്ങൾക്കു നൽകുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത്തരം ഒരു പരീക്ഷണം ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് ഒരു താത്കാലിക നിരോധനമേ ആകുന്നുള്ളൂ എന്നതാണ് ഈ പദ്ധതിയുടെ ന്യൂനത. രണ്ടോ മൂന്നോ മാസമാണ് ഗുളികയുടെ ഫലം നിലനിൽക്കുന്നത്. അതിനാൽ ഇതു കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു കൊടുത്താൽ മാത്രമേ പ്രയോജനം ലഭിക്കൂ.
വന്ധ്യംകരണത്തിനൊപ്പം ഗുളിക പദ്ധതിയും പരീക്ഷിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം, ഷിംല എയർപോർട്ടിന് അടുത്ത് ആയിരം കുരങ്ങുകളെ സംരക്ഷിക്കാനൊരു കേന്ദ്രം സ്ഥാപിക്കാൻ അനുമതിയായിട്ടുണ്ട്. മൂന്നു കോടി ഇതിനായി അനുവദിച്ചു. പിടികൂടിയ കുരങ്ങുകളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാടുകളിലേക്ക് അയയ്ക്കാനുള്ള ഒരു നിർദേശം ഉയർന്നുവന്നെങ്കിലും നാഗലാൻഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾ കുരങ്ങുകളെ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ നടപ്പാക്കാനായില്ല.