അപകടത്തില്‍പെട്ട കുടുംബത്തിലെ അഞ്ചുപേരെ രക്ഷിക്കാന്‍ ‘വാനര ഇടപെടല്‍’ വേണ്ടിവന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്കു സമീപം കഴിഞ്ഞ ദിവസം കാര്‍ മറിഞ്ഞുണ്ടായ അപകടം പുറംലോകം അറിഞ്ഞതു വാനരപ്പടയുടെ ‘ഇടപെടല്‍’ മൂലം.
ചക്കാലയില്‍ ജോജിയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗള്‍ഫില്‍നിന്നും നാട്ടിലേക്കു വരുന്ന ജോജിയുടെ ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതിനായി തോക്കുപാറയ്ക്കു സമീപം അമ്പഴച്ചാലില്‍നിന്നും നെടുമ്പാശേരിയിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. എന്നാല്‍, അപകടവിവരം പുറത്താരും അറിഞ്ഞില്ല. ഇതിനിടെയാണു തൊടുപുഴയില്‍നിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്ന സ്വകാര്യ ബസ് ഇവിടെയെത്തിയപ്പോള്‍ വാനരക്കൂട്ടം റോഡിലേക്കിറങ്ങി ബഹളമുണ്ടാക്കി ഗതാഗതം തടസ്സപ്പെടുത്തി. ഇതോടെ ഒരു ലോറിയും ഇവിടെ നിര്‍ത്തി.
വാനരക്കൂട്ടം റോഡില്‍നിന്നും മാറാതെ വന്നതോടെ വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം ജീവനക്കാരിറങ്ങി പരിശോധിച്ചപ്പോഴാണ് അപകടത്തില്‍പെട്ടുകിടക്കുന്ന കാറില്‍നിന്നും നിലവിളി ശബ്ദം കേട്ടത്. തുടര്‍ന്നു ജീവനക്കാരും ചില യാത്രക്കാരും ചേര്‍ന്ന് ഇവരുടെ രക്ഷക്കെത്തുകയായിരുന്നു. കാട്ടുവള്ളിയുടെയും മറ്റും സഹായത്തോടെ കാറിലുണ്ടായിരുന്ന ആരോണ്‍ (11), ആല്‍ബിന്‍ (9), അഡോണ്‍ (5) എന്നിവരെയും മറ്റു കുടുംബാംഗങ്ങളെയും റോഡില്‍ കയറ്റിയശേഷം ഇതുവഴി വന്ന വാഹനങ്ങളില്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.