മനുഷ്യരെ തട്ടിക്കൊണ്ടു പോകുന്ന കഥകള് നമ്മള് ധാരാളം കേട്ടിട്ടുണ്ടെങ്കിലും മൃഗങ്ങള്ക്കിടയില് ഇങ്ങനെയൊരു കാര്യം നടക്കുമോയെന്ന് പലരും ചിന്തിക്കാറുണ്ട്.
എന്നാല് മലേഷ്യയില് നിന്നും പുറത്തു വരുന്ന ഒരു വാര്ത്ത അത്തരത്തിലുള്ള ഒരു തട്ടിക്കൊണ്ടു പോകലിന്റേതാണ്. മലേഷ്യയിലെ തമന് ലസ്താരി പുത്ര എന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം ഈ അപൂര്വ സംഭവം നടന്നത്.
ഇവിടെ വില്ലന് ഒരു കുരങ്ങനാണ്. രണ്ടാഴ്ച പ്രായമുള്ള സരൂ എന്ന് വിളിപ്പേരുള്ള വളര്ത്തു നായയെയാണ് കുരങ്ങന് തട്ടിക്കൊണ്ടുപോയത്. നായ്ക്കുട്ടിയെ മൂന്ന് ദിവസമാണ് കുരങ്ങന് ബന്ദിയാക്കി വച്ചത്.
നായ്ക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങന് നേരെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് ചാടിക്കയറിയത്. സംഭവം ശ്രദ്ധയില്പ്പെട്ട പ്രദേശവാസികള് കുരങ്ങന്റെ പക്കല് നിന്നു നായ്ക്കുട്ടിയെ രക്ഷപ്പെടുത്താന് ശ്രമിച്ചു.
എന്നാല് സ്വന്തം കുഞ്ഞിനെയെന്ന പോലെ നായയെ ശരീരത്തോട് ചേര്ത്ത് അടക്കിപ്പിടിച്ചായിരുന്നു കുരങ്ങന്റെ ഇരിപ്പ്. നായ്ക്കുട്ടിയാകട്ടെ രക്ഷപ്പെടാന് തന്നാലാവുന്ന പോലെ ശ്രമിക്കുന്നുമുണ്ടായിരുന്നു.
എന്നാല് കുരങ്ങനോളം ശക്തിയില്ലാത്തതിനാല് രക്ഷപ്പെടാന് സാധിച്ചതുമില്ല. ഇലക്ട്രിക് ലൈനില് നിന്നു നേരെ ഒരു മരത്തിലേക്ക് ചാടിയ കുരങ്ങന് കൂടുതല് ആളുകള് ഇവിടേക്കെത്തിയതോടെ നായയുമായി വനത്തിനുള്ളിലേക്ക് പോയി.
അടുത്ത രണ്ട് ദിവസങ്ങളിലും കുരങ്ങന് ജനവാസ മേഖലയിലേക്ക് തീറ്റ തേടിയെത്തിയിരുന്നു. അപ്പോഴും പട്ടിക്കുഞ്ഞിനെ കൈയില് തന്നെ ചേര്ത്തു പിടിച്ചായിരുന്നു കുരങ്ങന്റെ നടത്തണം.
ഒടുവില് മൂന്നാമത്തെ ദിവസമാണ് പ്രദേശവാസികള്ക്ക് നായ്ക്കുട്ടിയെ കുരങ്ങനില് നിന്നു രക്ഷിക്കാന് സാധിച്ചത്. ഉടമസ്ഥനെ എല്പ്പിച്ച ശേഷം പട്ടിക്കുട്ടിക്ക് വിശദമായ പരിശോധനകള് നടത്തിയിരുന്നു. എന്നാല് അതിന് മുറിവുകളോ ക്ഷതങ്ങളോ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.