ഒന്നര വയസുകാരനും ഒരു പറ്റം കുരങ്ങുകളും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കർണാടകയിലെ ഹുബ്ബള്ളിയിലുള്ള അല്ലാപ്പുർ ഗ്രാമത്തിൽ നിന്നുമാണ് ഈ അപൂർവ രംഗം പകർത്തിയിരിക്കുന്നത്.
കൂട്ടം കൂടിയിരിക്കുന്ന കുരങ്ങുകളുടെ നടുവിൽ ഇരിക്കുന്ന ബാലൻ ഇവർ ഓരോരുത്തർക്കും ഭക്ഷണം നൽകുന്നതും കുട്ടിയുടെ കൈയിലിരിക്കുന്ന ഭക്ഷണം കുരങ്ങന്മാർ വാങ്ങി ഭക്ഷിക്കുന്നതുമാണ് ദൃശ്യങ്ങളിൽ.
ഈ കുട്ടിക്ക് ആറുമാസം പ്രായമുള്ളപ്പോൾ മുതലാണ് കുരങ്ങന്മാരുമായുള്ള സൗഹൃദം ആരംഭിച്ചത്. കുരങ്ങന്മാർ ഇതുവരെയും കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. എല്ലാ ദിവസവും രാവിലെ ഉറക്കത്തിൽ നിന്നും എണീക്കുന്നതു മുതൽ ഇവരുടെ സൗഹൃദം ആരംഭിക്കും. ദിവസത്തിന്റെ ഭൂരിഭാഗം സമയവും കുരങ്ങുകൾക്കൊപ്പമാണ് ഈ കുട്ടി ചിലവഴിക്കുന്നത്. വാർത്താ ഏജൻസിയായ ഏഎൻഐയാണ് ഈ അപൂർവ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.