ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ ദയവുചെയ്തു കുരങ്ങൻമാർക്കും മറ്റും തീറ്റകൊടുക്കരുതെന്ന് അധികൃതർ. കഴിഞ്ഞദിവസം അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങന്റെ കടിയേറ്റിരുന്നു. പാലക്കാട് ചന്ദ്രനഗർ സ്വദേശിനിയായ യുവതിയുടെ കൈയിൽ ഐസ്ക്രീം കണ്ടാണ് കുരങ്ങൻ ആക്രമിച്ചതെന്നാണ് പറയുന്നത്.
വിനോദസഞ്ചാരികളിൽ പലരും റോഡിലും തങ്ങൾക്കരികിലുമെത്തുന്ന കുരങ്ങൻമാർക്കു കടലയും മറ്റു തീറ്റകളും ഇട്ടുകൊടുക്കാറുണ്ട്. വനംവാച്ചർമാർ അടക്കമുള്ളവർ ഇതു മിക്കപ്പോഴും തടയാറുണ്ടെങ്കിലും അവർ കാണാതെ തീറ്റകൊടുക്കൽ തുടരാറുണ്ട്.
ഒന്നോ രണ്ടോ കുരങ്ങന്മാർക്ക് തീറ്റകൊടുത്താൽ കൂടുതൽ കുരങ്ങന്മാർ സഞ്ചാരികളുടെ അടുത്തേക്ക് വരും. തീറ്റ അവയ്ക്ക് കിട്ടിയില്ലെങ്കിൽ സഞ്ചാരികളുടെ കൈയിലുള്ളത് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
അതിരപ്പിള്ളിയിൽ വച്ച് ഏതെങ്കിലും മൃഗങ്ങളുടെ ആക്രമണത്തിന് വിനോദസഞ്ചാരികൾ ഇരയായാൽ അടിയന്തിര ചികിത്സ നൽകണമെങ്കിൽ അതിരപ്പിള്ളിയിൽ അതിനുള്ള സൗകര്യങ്ങളില്ലെന്നതു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.
പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകണമെങ്കിൽ അവരെ അതിരപ്പിള്ളിയിൽ നിന്ന് വെറ്റിലപ്പാറയ്ക്ക് കൊണ്ടുവരണം. അല്ലെങ്കിൽ ചാലക്കുടിയിലേക്ക്.
ആംബുലൻസ് സൗകര്യം വെറ്റിലപ്പാറയിലാണുള്ളത്. അതിരപ്പിള്ളിയിൽ പ്രാഥമിക ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ അടിയന്തിരമായി സജ്ജമാക്കണമെന്നു വിനോദ സഞ്ചാരികൾ ആവശ്യപ്പെടുന്നു.
ഓണാവധിക്കാലത്തു കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരവധിപേർ അതിരപ്പള്ളിയിലേക്ക് എത്താനിരിക്കേ ഇത് അത്യാവശ്യമാണെന്നും ആവശ്യമുയർന്നിട്ടുണ്ട്.