പൂക്കോട്ടുംപാടം: കുരങ്ങുകളുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. തെങ്ങിൽ നിന്നും പറിച്ചെടുത്ത തേങ്ങ കുരങ്ങൻ മുഖത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പാട്ടക്കരിന്പ് പുഞ്ച താടിക്കുന്ന് ചക്കോച്ചന്റെ ഭാര്യ കൂരിയാടൻ ശ്രീദേവിക്ക് (52) പരിക്കേറ്റത്.
ശനിയാഴ്ച്ച വൈകുന്നേരം 4:30ന് സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ തെങ്ങിൻ തോട്ടത്തിൽ നിറയെ കുരങ്ങന്മാർ ഉണ്ടായിരുന്നെന്നും ഇവ അടുത്തെത്താനായതോടെ കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങിൽ നിന്നും തേങ്ങ എറിയുകയാണുണ്ടായതെന്നും ശ്രീദേവി പറയുന്നു.
കണ്ണിന് താഴെയായി പരിക്കേറ്റതിനെ തുടർന്ന് വീട്ടമ്മ പൂക്കോട്ടുംപാടത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മുറിവിന് പന്ത്രണ്ട് തുന്നുണ്ട്. പ്രദേശത്ത് കുരങ്ങന്മാരുടെ ആക്രമണത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് നിത്യസംഭവമാണെന്നും, സ്വത്തിന് പുറമേ ജീവനുകൂടി ഭീഷണിയാവുകയാണ് ഇപ്പോൾ കുരങ്ങന്മാരെന്നും ശ്രീദേവി പറയുന്നു.