അയർക്കുന്നം: ജനവാസ മേഖലയിൽ എത്തിയ കുരങ്ങൻ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. കിടങ്ങൂർ പഞ്ചായത്തും അയർക്കുന്നം പഞ്ചായത്തും അതിരിടുന്ന കല്ലിട്ടുനട-പാദുവ റോഡിലെ മുണ്ടയ്ക്കൽ കടവ്, മുടപ്പാല ഭാഗങ്ങളിലാണ് കുരങ്ങിന്റെ ശല്യമുള്ളത്.
ഏതാനും മാസങ്ങൾക്കു മുന്പ് ഇവിടെയെത്തിയ കുരങ്ങൻ പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. മുടപ്പാല പോളയ്ക്കൽ സുന്ദരരാജന്റെ പുരയിടത്തിലെ കരിക്ക്, വാഴക്കുല എന്നിവ പിഴുതെടുത്തു നശിപ്പിച്ച കുരങ്ങൻ പ്രദേശത്താകെ കറങ്ങി നടന്നു കാർഷിക വിളകൾ നശിപ്പിക്കുകയും നാട്ടുകാർക്ക് ശല്യമുണ്ടാക്കുകയുമാണ്.
വടക്കേമുറി അനി, കൂടത്തിനാൽ ദിലീപ് എന്നിരുടെ പുരയിടങ്ങളിലും കാർഷിക വിളകൾക്ക് നാശമുണ്ടാക്കി.മുണ്ടയ്ക്കൽ കടവിലെ വ്യാപാരസ്ഥാപനങ്ങളിലും കുരങ്ങൻ ശല്യമുണ്ടാക്കുന്നുണ്ട്. കടയിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന പഴക്കുലയിൽനിന്നു പഴം ഇരിഞ്ഞുകൊണ്ടുപോകുന്നതും പതിവാണ്.
മുടപ്പാല ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിലും കുരങ്ങൻ നാശമുണ്ടാക്കുന്നുണ്ട്. കുരങ്ങൻ എങ്ങനെ ഇവിടെയെത്തിയെന്ന് അറിയില്ല. പൈനാപ്പിൾ കയറ്റാൻ മറ്റു ജില്ലകളിൽനിന്ന് ഇവിടെയെത്തിയ ലോറികളിലാകാം കുരങ്ങൻ എത്തിയതെന്നു കരുതുന്നതായി നാട്ടുകാർ പറഞ്ഞു.
വനംവകുപ്പ് അധികൃതർ അടിയന്തരമായി കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.