കണ്ണൂർ: റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങന്മാര്. കണ്ണൂർ കൊട്ടിയൂർ പ്രദേശത്താണ് സംഭവം.
ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെന്റ് ജൂഡ് ബസിന്റെ മുൻവശത്തെ ചില്ലാണ് തകർന്നത്.
മൂന്നു പേർക്കാണ് ചില്ല് തകർന്ന് പരിക്കേറ്റത്. വലിയ ശബ്ദത്തിൽ ബസിന്റെ ചില്ല് പൊട്ടി വീഴുകയായിരുന്നു.
പകച്ചുപോയ ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് കുരങ്ങന്മാർ തേങ്ങയെറിഞ്ഞതാണെന്ന് മനസിലായത്.
കണ്ണൂരിൽ കൊണ്ടു പോയി പതിനേഴായിരം രൂപ മുടക്കി ചില്ല് മാറ്റിയിട്ട ശേഷമാണ് വീണ്ടും സർവീസ് തുടങ്ങിയത്.
അതേസമയം, സംഭവത്തിൽ നഷ്ടപരിഹാരം നല്കാന് വകുപ്പില്ലെന്നും ഇത്തരമൊരു സംഭവം ആദ്യമായാണെന്നുമാണ് ബസുടമ പരാതി ഉന്നയിച്ചപ്പോൾ വനംവകുപ്പ് മറുപടിയായി പറഞ്ഞത്.