ചുങ്കപ്പാറ: കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലെ മലയോര വനമേഖലകളായ നിർമലപുരം, കൂവപ്ലാവ്, കിടികെട്ടിപ്പാറ, മാരുങ്കുളം, പെരുമ്പെട്ടി കരിയംപ്ലാവ് പ്രദേശങ്ങളിൽ കാട്ടുകുരങ്ങ് ശല്യം മൂലം പ്രദേശവാസികൾ ദുരിതത്തിൽ. കാർഷിക വിളകൾ നശിപ്പിക്കൽ, റബർ പാൽ നശിപ്പിക്കൽ തുടങ്ങി പഴം, പച്ചക്കറി അടക്കമുള്ള വിളകൾ നശിപ്പിക്കുന്ന കുരങ്ങുകൾ പ്രദേശത്ത് ഏറെ ശല്യമായിരിക്കുകയാണ്
. റബർ ചിരട്ടകളിലെ പാൽ സ്ഥിരം എടുത്തു കളയുക മൂലം റബർ ടാപ്പിംഗും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. വേനൽ കടുത്തതോടുകൂടി കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഈ പ്രദേശങ്ങളിലെ കുടിവെള്ള കിണറുകൾ, തോടുകൾ, ജലസംഭരണികൾ തുടങ്ങിയവ കുരങ്ങുകൾ മലിനമാക്കുന്നതുമൂലം കുടിവെള്ളവും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി.
കൂട്ടമായി എത്തുന്ന കുരങ്ങൻന്മാർ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കാനും ശ്രമിക്കാറുണ്ട്. വീടുകളിൽ ആളുകളില്ലാത്ത സമയങ്ങളിൽ ഓടിളക്കി അകത്തുകയറി വീട്ടുപകരണങ്ങളും ഭക്ഷണ പദാർഥങ്ങളും വാനരക്കൂട്ടം നശിപ്പിക്കുകയാണ്
. വീടിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കുകളിൽ ഇറങ്ങി കുളിച്ച് ടാങ്ക് നശിപ്പിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. വനംവന്യ ജീവി വകുപ്പുകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വാർഡംഗം ജോസി ഇലഞ്ഞിപ്പുറം ആരോപിച്ചു.