വളർത്തുമൃഗങ്ങളെക്കൊണ്ട് മനുഷ്യർക്ക് ഒരുപാട് ഉപകാരങ്ങളുമുണ്ട്. ദീർഘകാലത്തെ സഹവാസംകൊണ്ട് ഈ മൃഗങ്ങളിൽ പലതും വീട്ടിലെ അംഗങ്ങളെപ്പോലെ ആകാറുമുണ്ട്. എന്നാൽ ഭക്ഷണം പാചകം ചെയ്യാൻ വളർത്തുമൃഗങ്ങൾ സഹായിക്കുന്നതായി കേട്ടുകേൾവിയില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ അങ്ങനെയും സംഭവിച്ചു.
ഇവിടത്തെ ഒരു കുടുംബത്തോടൊപ്പമുള്ള കുരങ്ങ് സ്വന്തമായി റൊട്ടി ഉണ്ടാക്കുകയും പാത്രങ്ങൾ വൃത്തിയായി കഴുകിവയ്ക്കുകയും ചെയ്യും. സദ്വ ഗ്രാമത്തിൽ താമസിക്കുന്ന കർഷകനായ വിശ്വനാഥിന്റെ കുടുംബത്തിലെ ഒരംഗമാണ് ഈ കുരങ്ങ്.
റാണി എന്നാണു പേര്. മനുഷ്യർ ചെയ്യുന്ന പല ജോലികളും ചെയ്യുന്ന ഇവളെ നാട്ടുകാർ ‘ജോലി ചെയ്യുന്ന കുരങ്ങ്’ എന്നാണ് സ്നേഹപൂര്‍വം വിളിക്കുന്നത്. പാചകക്കാരിയായ ഈ പെൺകുരങ്ങിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട ഉടൻതന്നെ വൈറലായി. കുരങ്ങ് താരമായി മാറുകയുംചെയ്തു.