കൽപ്പറ്റ: കോവിഡ് ഭീതിക്കിടെ വയനാടിനു ഭീഷണിയായി കുരങ്ങുപനി വ്യാപനം. കഴിഞ്ഞദിവസം ജില്ലയിൽ മൂന്നു പേരിൽക്കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ഇതുവരെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 24 ആയി.
ഇതിൽ 19 പേർ രോഗമുക്തരായി. രണ്ടുപേർ മരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ മറിയാണ്(60) ഏറ്റവും ഒടുവിൽ മരിച്ചത്. ഇക്കഴിഞ്ഞ 13നായിരുന്നു മറിയുടെ മരണം. സ്രവ പരിശോധനാഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുരങ്ങുപനിയായിരുന്നുവെന്നു വ്യക്തമായത്.
തിരുനെല്ലി ബേഗൂർ കോളനിയിലെ രണ്ടു സ്ത്രീകളിലും ഇരുന്പുപാലം കോളനിയിലെ ഒരു പുരുഷനിലുമാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിൽ സ്ത്രീകൾ കൽപ്പറ്റ ജനറൽ ആശുപത്രിയിലും പുരുഷൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ നാരങ്ങാക്കുന്ന്, ബേഗൂർ, മണ്ണുണ്ടി എന്നിവിടങ്ങളിലാണ് കുരങ്ങുപനി കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്.
2013ലും ’14ലും ജില്ലയിൽ ഓരോ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ വയനാട്ടിൽ 11 പേർ കുരങ്ങുപനിമൂലം മരിച്ചു. 2016ൽ മുള്ളൻകൊല്ലി പാറക്കടവിൽ ഒരു കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു. 2019 ജനുവരിയിൽ തിരുനെല്ലി അപ്പപ്പാറ സ്വദേശിയിൽ രോഗം കണ്ടെത്തി.
2015നുശേഷം ഈ വർഷമാണ് കൂടുതൽ കുരങ്ങുപനി കേസുകൾ.
വനാതിർത്തി ഗ്രാമങ്ങളായ കാപ്പിസെറ്റ്, വണ്ടിക്കടവ്, ദേവർഗദ്ദ, ചീയന്പം 73, മാതമംഗലം, ചെതലയം, കോളിമൂല എന്നിവിടങ്ങളിലാണ് 2015ൽ പ്രധാനമായും കുരങ്ങുപനി പടർന്നത്.
ഈ വർഷം ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിനു പുറത്തു കുരങ്ങുപനി റിപ്പോർട്ടു ചെയ്തിട്ടില്ല. മാൻ, കുരങ്ങ് തുടങ്ങിയവയുടെ ശരീരങ്ങളിൽ വസിക്കുന്ന ചെള്ളുകളിലൂടെ പടരുന്നതാണ് കുരങ്ങുപനി. ഈ രോഗം സ്ഥിരീകരിക്കുന്നതിനു ജില്ലയിൽ നാമമാത്ര സൗകര്യമാണ് ഉള്ളത്.