ആധുനിക ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പരിസ്ഥിതി മലിനീകരണം. മലിനീകരണം കാരണം കഷ്ടതയനുഭവിക്കുന്നത് മനുഷ്യര്‍മാത്രമല്ലെന്നതാണ് ഏറ്റവും ദുഖകരമായ കാര്യം.
മൃഗങ്ങളും പക്ഷികളും തുടങ്ങി കടല്‍ജീവികള്‍ വരെ പ്രകൃതി ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതിന് നിരവധി ഉദാഹരണങ്ങള്‍ നാം നേരിട്ടും അല്ലാതെയും കാണാറുണ്ടെങ്കിലും പലരും മനപൂര്‍വ്വം അക്കാര്യം മറക്കുന്നതാണ് പതിവ്.
ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഇന്റര്‍നാഷണല്‍ അനിമല്‍ റെസ്‌ക്യൂ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ജെസിബിയുമായി കാട്ടിലെത്തി പ്രകൃതിയൊരുക്കിയതെല്ലാം അപ്പാടെ തൂത്തെറിയുന്ന സമയത്ത് ഒരു കുരങ്ങ് നടത്തുന്ന ജീവന്മരണ പോരാട്ടമാണ് വീഡിയോയുടെ ഇതിവൃത്തം.
കൂറ്റന്‍ ജെസിബി ഉപയോഗിച്ച് മരങ്ങള്‍ വേരോടെ പിഴുതെറിയുന്ന സമയത്താണ് കുരങ്ങ് അവിടെയെത്തി ജെസിബിയെ അതിന്റെ പ്രവര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അതിന്റെ വാസസ്ഥലം നഷ്ടപ്പെടുമെന്ന ചിന്തയാണ് അതിനെ ജെസിബിയോട് പോരടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
മരങ്ങള്‍ ഒരോന്നായ് മുറിച്ചിട്ട ജെസിബി അവസാനം താന്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ എത്തിയപ്പോള്‍ തന്റെ കൈകള്‍ ഉപയോഗിച്ച് ജെസിബിയെ ചെറുക്കുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.
ഇന്തോനേഷ്യയിലെ വനമേഖലയിലാണ് സംഭവം. ജെസിബിയെ തടയാന്‍ മനുഷ്യക്കുരങ്ങ് ഓരോവട്ടം ശ്രമിക്കുമ്പോഴും മരക്കൊമ്പില്‍ നിന്ന് അത് താഴെ വീഴുന്നുമുണ്ട്. എങ്കിലും വീണ്ടുമെഴുന്നേറ്റ് ജെസിബിയെ തടയുന്നു. മനുഷ്യന്റെ വാശി അവിടെയും വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനാവുന്നത്.