പയ്യന്നൂര്‍: കുരങ്ങുശല്യം മൂലം ജീവിതത്തിലെ മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ് രാമന്തളി നിവാസികള്‍ക്ക്. മുമ്പ് കാര്‍ഷിക വിളകള്‍ക്ക് നേരേയായിരുന്ന ഇവയുടെ ആക്രമം ഇപ്പോള്‍ വീടുകള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്.
കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ മുമ്പ് കൗതുക കാഴ്ചയായിരുന്നുവെങ്കില്‍ ഇന്ന് ഭീതിയാണ്.കൊറോണയുടെ വരവോടെ തരിശു നിലങ്ങളില്പോലും കൃഷിയിറക്കിയെങ്കിലും വിളവുകള്‍ കുരങ്ങുകളും പന്നികളും മയിലുകളും കൊയ്തെടുക്കുന്ന അവസ്ഥയാണിപ്പോള്‍.
തെങ്ങുകളില്‍നിന്ന് ഒരു കരിക്കുപോലും കിട്ടാതെ വന്നതിനെ തുടര്‍ന്ന് തെങ്ങുകള്‍ക്ക് തടം തുറക്കാനോ വളമിടാനോ ആരും തയാറാകുന്നില്ല.
കൊറോണയുടെ അവധി ദിവസങ്ങളുപയോഗിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കപ്പകൃഷി നടത്തിയിരുന്നു.ഇവിടെയെല്ലാം കാട്ടുപന്നികളുടെ ആക്രമണം കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്.
പച്ചക്കറി കൃഷികള്‍ക്ക് കാലനായി മാറുന്നത് മയിലുകളാണ്. ഇതിന് പുറമെയാണ് കുരങ്ങുകളുടെ ആക്രമണം ഇപ്പോള്‍ വീടുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.
ഓടുമേഞ്ഞ വീടുകളുടെ മൂലോടുകള്വരെ ഇളക്കിയുള്ള കുരങ്ങുകളുടെ വിളയാട്ടത്തില്‍ മനസമാധാനം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.
കുരങ്ങുകളേയും മയിലുകളേയും കാട്ടുപന്നികളേയും സംരക്ഷിക്കുന്നതിനായി നിയമമുള്ള നാട്ടില്‍ മനുഷ്യന്റെ സംരക്ഷണത്തിനായി നിയമമില്ലാത്തതാണ് ഈ ദുരവസ്ഥക്ക് കാരണമാകുന്നത്.