കന്യാകുമാരി: കന്യാകുമാരിയിലെ “ഒരു ഭയങ്കര കള്ള’നാണ് ഇപ്പോള്‍ വാര്‍ത്താതാരം. കള്ളനെക്കുറിച്ചും കള്ളൻ മോഷ്ടിക്കുന്ന വസ്തുക്കളെക്കുറിച്ചും അറിഞ്ഞാൽ ആരും അന്പരക്കും.
കന്യാകുമാരിയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ നടന്ന മോഷണപരമ്പരയെപ്പറ്റിയുള്ള അന്വേഷണത്തിലാണ് സംഗതി പുറത്തുവന്നത്.
കമ്പനിയുടെ പരിസരം നിരീക്ഷിക്കാൻ ഉടമ സ്ഥാപിച്ച സിസിടിവികൾ തുടർച്ചയായി മോഷണം പോകുകയായിരുന്നു.
13 കാമറകൾ ഈവിധം മോഷണം പോയി. വിലപിടിപ്പുള്ള മറ്റൊന്നും മോഷണം പോകുന്നുമില്ല. സിസിടിവികൾ മോഷണം പോയത് ഉടമയെ ആശങ്കയിലാക്കി.
തന്റെ കമ്പനിയില്‍ സ്ഥാപിക്കുന്ന കാമറകള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് അറിയാന്‍ കമ്പനി ഉടമ തീരുമാനിച്ചു.
കമ്പനി ഉടമയും കാമറ സ്ഥാപിച്ച ടെക്നീഷ്യന്മാരും വിദഗ്ധ പരിശോധന ആരംഭിച്ചു. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കള്ളന്റെ തനിരൂപം പുറത്തുവന്നത്. കള്ളന് മറ്റാരുമല്ല. ഒരു കുരങ്ങന്!
സിഗ്നല്‍ നഷ്ടപ്പെടുന്നതിനു മുമ്പ് കുരങ്ങന്റെ മുഖം കാമറയില്‍ പതിഞ്ഞതാണ് കള്ളനെ കണ്ടെത്താൻ ഇടയാക്കിയത്.
ആ പ്രദേശത്തു കുരങ്ങന്മാര് ഉണ്ടെങ്കിലും ഇതുപോലൊരു സൂത്രപ്പണി അവന്മാര് ഒപ്പിക്കുമെന്ന് മനസില്‍ പോലും ആരും വിചാരിച്ചില്ല?
കാമറകൾ കവരുന്പോൾ എന്തായിരിക്കും വാനരശ്രേഷ്ഠന്റെ മനസിൽ എന്നാണ് സംഭവമറിഞ്ഞവരുടെയെല്ലാം ചിന്ത..!