നാദാപുരം: കാട്ടിൽ നിന്നും വഴി തെറ്റി നാട്ടിലെത്തിയപ്പോൾ ഒരു നേരത്തെ ആഹാരം നൽകിയ മറിയുമ്മയ്ക്ക് യത്രാമൊഴി നൽകാൻ വാനരനെത്തി. കഴിഞ്ഞ ദിവസം മരിച്ച ഉമ്മത്തൂരിലെ ചെടിയാലയിൽ മറിയുമ്മയെ കാണാനാണ് ഒരു കാലത്ത് ആ ഉമ്മ ഭക്ഷണം നൽകിയ കുരങ്ങൻ വീണ്ടും എത്തിയത്.
രണ്ട് ദിവസമായി പാറക്കടവിലെ ഖബറിസ്ഥാന് സമീപത്ത് വീണ്ടും നിലയുറപ്പിച്ചിരിക്കയാണ് കുരങ്ങൻ. വർഷങ്ങൾക്ക് മുമ്പാണ് മയ്യഴിപ്പുഴയുടെ തീരത്തുള്ള ഉമ്മത്തൂർ ഭാഗത്ത് കുരങ്ങൻ എത്തിയത്. പുഴയിലുടെ ഒലിച്ചു വന്നതോ വഴി തെറ്റി വന്നതോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് നിശ്ചയമില്ല. പുഴയുടെ സമീപത്തെ വീടുകളിലും പറമ്പുകളിലുമായിരുന്നു താമസം. ചിലർ ഭക്ഷണം കൊടുത്തപ്പോൾ മറ്റു ചിലർ ആട്ടിയോടിച്ചു.
എന്നാൽ മറിയുമ്മ എന്നും ഒരു പിടി ആഹാരം കുരങ്ങിനു നീക്കിവച്ചിരുന്നു. പിന്നീട് പുഴയോരത്തെ മരങ്ങളിൽ താമസമാക്കിയ കുരങ്ങന്റെ ഭക്ഷണം മറിയുമ്മയുടെ വകയായി. എന്നാൽ കുരങ്ങൻ പ്രദേശത്ത് നിന്നും ഇടയ്്ക്ക് അപ്രത്യക്ഷമാകുകയായിരുന്നു. കഴിഞ്ഞ ദിവസം മറിയുമ്മയുടെ മരണം നടന്ന ദിവസമാണ് പിന്നീട് കുരങ്ങനെ കണ്ടത്. മറിയുമ്മയെ കബറടക്കിയ പള്ളിക്ക് സമീപത്തായി നിലയുറപ്പിച്ചിരിക്കുകയാണ് വാനരൻ.