പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ലാ കൃഷിഫാം കുരങ്ങൻമാരുടെ പിടിയിൽ. നടുന്ന മുഴുവൻ കൃഷികളും നൂറുകണക്കിനു കുരങ്ങൻമാർ കൂട്ടത്തോടെ വന്നു നശിപ്പിക്കുകയാണ്.
മുൻ വർഷങ്ങളിൽ കാട്ടുപന്നികളുടെ ശല്യമാണുണ്ടായിരുന്നത്. അതിനെ ഒരു പരിധി വരെ പ്രതിരോധിച്ചു കൃഷിയെ രക്ഷിക്കാൻ ജീവനക്കാർക്കു സാധിച്ചിരുന്നു.ഇക്കുറി തെങ്ങിൽ തൈ ഉത്പ്പാദിപ്പിക്കാനായി ഏഴായിരത്തോളം വെസ്റ്റ് കോസ്റ്റ് ടോൾ വിത്തുതേങ്ങ പാകിയിരുന്നു. മുളച്ച് ആറ് മാസം വളർച്ചയെത്തിയ തെങ്ങിൻ തൈകൾ കുരങ്ങുകൾ നശിപ്പിച്ചു.
രണ്ടുമാസത്തിനിടയില്‍ 1800 തൈകൾ ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞു. തൈകളുടെ കൂമ്പ് വലിച്ചൂരിയെടുത്തു ചവച്ച് തുപ്പുകയാണ്. അടുത്ത ജൂണിൽ കൃഷിഭവനുകളിൽ കൂടിയും മറ്റും കർഷകർക്കു വിതരണം ചെയ്യേണ്ട തൈകളാണിത്.
മൊത്തം 100 ഏക്കർ സ്ഥലമാണു കൂത്താളി ജില്ലാ കൃഷിഫാം. അതിൽ 40 ഏക്കറോളം സ്ഥലത്താണു വിവിധ കൃഷിയുള്ളത്. പച്ചക്കറിക്കും വിത്തിനു മായി പച്ചക്കറി വിത്തുകൾ പാകിയിട്ടുണ്ട്.ഇതും കുരങ്ങുകളുടെ ഭീഷണി നിഴലിലാണ്. രാവിലെ മുതൽ വൈകീട്ടു വരെ കൃഷിയിടങ്ങളിൽ കാവൽ ഏർപ്പെടുത്തേണ്ടി വരുന്ന ദുരവസ്ഥയുണ്ട്.22 ഫീൽഡുകളായി തിരിച്ചാണു 40 ഏക്കർ സ്ഥലം കൃഷിക്കായി ഉപയോഗിക്കുന്നത്. വിശാലമായ ഫീൽഡുകളിൽ പലയിടത്തായാണു പച്ചക്കറി കൃഷി. പച്ചക്കറികൾ പാകമായാൽ മുൻകാലങ്ങളിലും പറിച്ചു നശിപ്പിരുന്നെങ്കിലും ഇക്കുറി പ്രശ്നത്തിന്റെ രൂക്ഷത പതിന്മടങ്ങാണ്. പ്രശ്നം വനം വകുപ്പിന്റെ ശ്രദ്ധയിൽ ഫാം അധികൃതർ പെടുത്തിയിട്ടുണ്ട്.