കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ദൈനംദിനം വര്‍ദ്ധിച്ചു വരുന്ന കാട്ടുകുരങ്ങുകളുടെ ശല്യത്താല്‍ പൊറുതി മുട്ടി പൊതുജനം. പുലര്‍ച്ചെ മുതല്‍ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന വാനരന്മാര് കൃഷിയിടങ്ങളിലെ സകല കാര്‍ഷിക വിളകളും നശിപ്പിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ കടന്നു കയറുന്ന ഇവ ആഹാര സാധനങ്ങളും പാകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണമടക്കം നശിപ്പിക്കുന്നു. ആരെങ്കിലും വീടിനു പുറത്തേക്കിറങ്ങിയാല്‍ സമീപത്തുള്ള മരങ്ങള്‍ക്ക് മുകളിലേക്ക് പാഞ്ഞു കയറുന്ന വാനരന്മാര് സ്ത്രീകളാണെന്ന് കണ്ടാല്‍ സംഘം ചേര്‍ന്ന് ചീറികൊണ്ട് ആക്രമിക്കാനെത്തുകയും ചെയ്യും.
ചെറിയ കുഞ്ഞുങ്ങളടക്കം ഇരുപതും മുപ്പതും കുരങ്ങന്മാരടങ്ങുന്ന സംഘങ്ങളായാണ് ഇവയെത്തുന്നത്. അതിനാല്‍ തന്നെ വീട്ടുപുരയിടത്തിലെത്തുന്ന ഇവ തെങ്ങുകളിലെ കരിക്കുകളും തേങ്ങയും മുഴുവന്‍ കടിച്ചുപൊട്ടിച്ചു നശിപ്പിക്കുകയാണ്. ദിവസേനെയെത്തുന്ന ഇവ തെങ്ങുകളിലെ മച്ചിങ്ങ അടക്കം പറിച്ചു കളയുന്നതിനാല്‍ സ്വന്തം പുരയിടത്തില്‍ തെങ്ങുകള്‍ ഉണ്ടായിട്ടുപോലും നാട്ടുകാര്‍ക്ക് തേങ്ങയ്ക്ക് മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും ആംഗൻവാടികള്‍ക്കും ഇവ ഭീഷണിയാണ്. പരിസരങ്ങളിലുള്ള ആഹാരാവശിഷ്ടങ്ങള്‍ കഴിക്കാനായി എത്തുന്ന വാനരസംഘങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നു. പേടിച്ച് ക്ലാസ്സ് മുറികളിലേക്ക് ഒാടുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ ഒാടി വന്ന് ഭക്ഷണം തട്ടിയെടുക്കുന്നതും പതിവാണ്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കുകളുടെ മൂടികള്‍ തകര്‍ത്ത ശേഷം ഇതിനുള്ളിലിറങ്ങിയാണ് പലയിടത്തും വാനരന്മാരുടെ നീരാട്ട്.
മേല്ക്കൂരകളിലെ ഒാടുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ത്തെറിയുന്ന കുരങ്ങന്മാര് ടിന്ഷീറ്റുകള്ക്ക് മുകളില്‍ സംഘര്‍ഷമുണ്ടാക്കി ശബ്ദകോലാഹലം സൃഷ്ടിക്കുന്നത് പതിവാണ്. മാസങ്ങൾക്ക്മുമ്പ് വാനര ശല്യം ശക്തമായപ്പോൾ പൊതുജനം പ്രതിഷേധമുയര്‍ത്തുകയും കുളത്തൂപ്പുഴ വനം റേഞ്ച് ഒാഫീസ് ഉപരോധിക്കുകയും ചെയ്ത അവസരത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ശല്യക്കാരായ വാനരന്മാരെ പിടികൂടി ഉള്‍വനത്തില്‍ വിട്ടയക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇനിയും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല ദൈനംദിനം ഇവയുടെ ശല്യം കൂടി വരികയും ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പയറും പടവലവും എന്തിനേറെ പച്ചമുളകുപോലും കൃഷി ചെയ്യാനാവാത്ത അവസ്ഥയാണെന്ന് കർഷകർ പരിതപിക്കുന്നു.കാട്ടുമൃഗങ്ങൾ വരുത്തുന്ന കൃഷി നാശത്തിനു വനം വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന വാദമാണ് അധികൃതര്‍ക്ക് ഉള്ളത്. എന്നാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന്റെ കണക്ക് അക്ഷയ കേന്ദംവഴി ഒാണ്‍ലൈന്‍ അപേക്ഷനല്കിയാല് തന്നെ ഉണ്ടായ നഷ്ടത്തിന്റെ നാലിൽ ഒന്നു പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. ഇത് ലഭിക്കുന്നതിനു വരുന്ന കാലതാമസം ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു.