കോട്ടയം: കുരങ്ങു ശല്യം കുമരകത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തിന്റെ വിവിധ മേഖലകളിൽ കറങ്ങിനടന്ന ഒരു കുരങ്ങ് ഇപ്പോൾ കുമരകത്തെത്തി റിസോർട്ടിലടക്കം ശല്യമാകുന്നു.
ആർപ്പൂക്കര, ഗാന്ധിനഗർ, അങ്ങാടിപ്പള്ളി, പള്ളിമാലി, ആറാട്ടുകടവ്, സ്നേഹഭവൻ തുടങ്ങിയ പരിസരങ്ങളിൽ കുരങ്ങ് കഴിഞ്ഞ ദിവസങ്ങളിൽ ശല്യം സൃഷ്ടിച്ചിരുന്നു.
ഇന്നലെ കുമരകത്തുള്ള അടഞ്ഞു കിടക്കുന്ന റിസോർട്ടിലാണ് കുരങ്ങ് എത്തിയത്. കുരങ്ങ് സെക്യൂരിറ്റി ജീവനക്കാർക്ക് ആദ്യം കൗതുകമായിരുന്നെങ്കിലും പിന്നീടത് ശല്യമായി മാറി.
റിസോർട്ടിലെ പൂച്ചട്ടികളും ലൈറ്റ് ഉപകരണങ്ങളും നശിപ്പിക്കാൻ തുടങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാർക്ക് ഇപ്പോൾ കുരങ്ങ് ബാധ്യതയായി മാറിയിരിക്കുകയാണ്. ഒപ്പം കൃഷി നശിപ്പിക്കുകയും മറ്റു സാധന സാമഗ്രികൾക്ക് കേടുപാട് സൃഷ്ടിക്കുകയുമാണ്.
പച്ചക്കറിക്കടകൾ, ബേക്കറി, പലചരക്ക് കടകൾ തുടങ്ങിയവയിൽ ചാടിക്കയറി സാധനങ്ങൾ കൈക്കലാക്കുകയും നാശിപ്പിക്കുകയും ചെയ്യുന്നു.
ആളുകളുടെ മുകളിലേക്കു ചാടിക്കയറി ഉപദ്രവിക്കുകയും ആളുകളുടെ ബാഗുകളും കൂടുകളും തട്ടിപ്പറിക്കുകയും ചെയ്യുന്നുണ്ട്. വാഴ, തെങ്ങ് തുടങ്ങിയവയുടെ വിളവ് നശിപ്പിക്കുന്നുണ്ട്.