ന്യൂഡൽഹി: വിദേശത്തുനിന്ന് രാജ്യത്തെത്തിയ യുവാവിനെ എം പോക്സ് (മങ്കി പോക്സ്) ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്രസർക്കാർ. ഇയാളുടെ രക്ത-സ്രവ സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്സ് പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ രാജ്യത്തുനിന്ന് മടങ്ങിയെത്തിയ യുവാവിനാണ് രോഗബാധയുടെ ലക്ഷണം കണ്ടത്.
ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനിൽ ആക്കിയെന്നും ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. യുവാവിന്റെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്സ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണു രോഗലക്ഷണങ്ങളോടെ യുവാവിനെ കണ്ടെത്തിയത്. രാജ്യത്ത് എം പോക്സ് പരിശോധനയ്ക്കായി 32 ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. തുടർന്ന് രാജ്യമാകെയും പിന്നീട് അയൽരാജ്യങ്ങളിലേക്കും രോഗം പടർന്നു. ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ ഓഗസ്റ്റ് 24 വരെ കോംഗോയിൽ മാത്രം 4901 പേർക്ക് എംപോക്സ് പിടികൂടി. ഇതിൽ 629 പേർ മരിച്ചു. ഇതുവരെ 116 രാജ്യങ്ങളിൽ രോഗം പടർന്നു കഴിഞ്ഞതായാണു റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ മാസം 14ന് ലോകാരോഗ്യസംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് എന്നതുപോ ലെയുള്ള പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ഡബ്യുഎച്ച്ഒ പിന്നീട് വിശദീകരിക്കുകയും ചെയ്തു. ലോകാരോഗ്യസംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം എംപോക്സിനെതിരേയുള്ള ഒരു ലക്ഷം ഡോസ് വാക്സിനുകൾ കോംഗോയിലെത്തിച്ചിട്ടുണ്ട്. അടുത്തമാസം രണ്ടിന് വാക്സിനേഷൻ ജനങ്ങൾക്ക് നൽകിത്തുടങ്ങും.
കുരങ്ങുകളിൽനിന്നാണ് ഈ രോഗം മനുഷ്യരിലേക്കു പടർന്നത്. രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സന്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് ആറു മുതൽ 13 ദിവസങ്ങൾക്കുളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
രണ്ടു മുതൽ നാലാഴ്ച വരെ നീണ്ടുനിൽക്കുന്ന ദ്രാവകം നിറഞ്ഞ കുമിളകളാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങൾ. പിന്നീട് ഈ കുമിളകൾ ശരീരമാകെ വ്യാപിക്കുകയും ചെയ്യും. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 2022ലും രോഗം വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ചെങ്കിലും പിന്നീട് ശമിക്കുകയായിരുന്നു. എംപോക്സിനെതിരേ വിവിധ രാജ്യങ്ങൾ വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സ്വന്തം ലേഖകൻ