നെടുമ്പാശേരി: വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിൽ ഒരാൾക്ക് ചിക്കൻപോക്സാണെന്ന് സ്ഥിരീകരണം.
യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ യുകെയിൽ നിന്നെത്തിയ തൃശൂർ ജില്ലക്കാരനായ യാത്രക്കാരനാണ് വൈറോളജി പരിശോധനാ ഫലത്തിൽ ചിക്കൻപോക്സ് സ്ഥിരീകരിച്ചത്.
ഇയാളോടൊപ്പം എത്തിയ കുടുംബാംഗങ്ങളായ മൂന്നു പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
സൗദിയിൽനിന്ന് എത്തിയ മൂന്നു പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കുന്നംകുളം സ്വദേശികളായ ഇവരെ നിരീക്ഷണത്തിനായി തൃശൂർ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവരുടെ സാന്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വിശേദ രാജ്യങ്ങളിൽനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.
പ്രാഥമിക പരിശോധനയിൽ നാല് യാത്രക്കാർക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് ആരോഗ്യ വിഭാഗത്തിന് നൽകിയിരിക്കുന്നത്.
ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന അടിയന്തര യോഗം സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്ത് രൂപരേഖ തയാറാക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ആറ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.
പ്രാഥമിക പരിശോധനയിൽ പനിയുണ്ടെങ്കിൽ ഇവരോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. രാജ്യാന്തര ടെർമിനലിനോട് ചേർന്ന് രണ്ട് ആംബുലൻസുകളും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ആലുവ ജില്ലാ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റാനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗികളുടെ ആവശ്യാർഥം സ്വകാര്യ ആശുപത്രികളിലും ചികിത്സ യ്ക്ക് സൗകര്യമൊരുക്കും.