സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കു 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ.
രണ്ടുപേര്‍ക്കും മങ്കിപോക്സ് ലക്ഷണങ്ങള്‍ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാല്‍ സാമ്പിള്‍ ശേഖരിച്ച് പൂനയിലേക്ക് അയയ്ക്കുമെന്ന് പ്രിയ അറിയിച്ചു.
ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല ദ്രുതകര്‍മ്മ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം എല്ലാ ജില്ലകളിലും മങ്കിപോക്സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്ക് വിമാനത്തില്‍ സമ്പര്‍ക്കമുണ്ട്.
എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍മാരേയും കാറിന്റെ ഡ്രൈവരേയും കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രോഗി കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിത്ത് കാറിന്റെ ഡ്രൈവറെ കണ്ടെത്തിയത്. രോഗി നല്കിയ വിവരങ്ങളിലെ അവ്യക്തത മൂലമാണ് ഡ്രൈവറെ കണ്ടെത്താന്‍ വൈകിയതെന്നാണ് സൂചന.
മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വന്നതും പോയതും ഒരു ഓട്ടോയിലാണെന്നാണ് ഇന്നലെ ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നത്.
എന്നാല്‍, ഇദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത് ഒരു ഓട്ടോയിലും തിരികെ പോയത് മറ്റൊരു ഓട്ടോയിലുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വലിയ വീഴ്ച ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് വിലയിരുത്തല്‍.
രോഗിക്ക് മങ്കിപോക്സാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുകയും ഡിഎംഒ ഓഫീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആസമയത്ത് പോലും വേണ്ട ജാഗ്രത പുലര്‍ത്താന്‍ ഡിഎംഒ ഓഫീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതിനാല്‍ തന്നെ കൊല്ലം ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടായേക്കും.
ഇക്കാര്യങ്ങളിലെല്ലാം തന്നെ സംസ്ഥാനത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കടക്കം കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങുന്നത്.