ചിറ്റൂർ: വഴിതെറ്റി വന്ന വാനരൻ റോഡിലിരുന്നു വാഹനങ്ങളെ തടഞ്ഞത് യാത്രക്കാർക്ക് വിനയായി. ഇന്നലെ കാലത്ത് ആറിന് അയ്യപ്പൻ കാവ് ബസ് സ്റ്റോപ്പിലാണ് വലിയ കുരങ്ങനെ കണ്ടത്. തെരുവു നായകൾ ശല്യം ചെയ്യാൻ തുനിഞ്ഞതോടെ റോഡിനു നടുവിലുടെ വില്ലൻ റോളിൽ നടന്നു നീങ്ങി.
എതിരെ വരുന്ന വാഹനങ്ങൾ നിർത്തുന്പോഴാണ് വഴിമാറികൊടുക്കുന്നതും പിന്തുടരുന്നതും. വണ്ടിത്താവളം ടൗണിലെത്തിയതോടെ ഇലക്ടിക് പോസ്റ്റിനു താഴെയുള്ള പ്രാദേശിക ചാനൽ കേബിളിൽ കയറി സാഹസ പ്രകടനം നടത്തി.
കേബിളിലൂടെ നടന്നു നിങ്ങിയ ശേഷം വൈദ്യുതി ട്രാൻസ്ഫോർമറിനു സമീപത്ത് എത്തിയപ്പോൾ കുറച്ചു നേരം ലൈനുകളിൽ നോക്കിയ ശേഷം അപകടാവസ്ഥ മനസ്സിലാക്കിയ മട്ടിൽ താഴെയിറങ്ങി റോഡിലൂടെ മുലത്തറ ഇടതു കനാൽ ബണ്ടിലൂടെ നടന്നകന്നു. പിന്തുടർന്നു വന്ന തെരുവുനായകളെ തന്റെ വർഗ്ഗ ചേഷ്ടയോടെ വിരട്ടിയോടിക്കുകയും ചെയ്തു.