മറയൂർ: മറയൂരിലും പരിസര പ്രദേശങ്ങളിലും വാനരശല്യത്താൽ ജനജീവിതം ദുസഹമായി.
മറയൂരിലെ പ്രധാന കൃഷിയായ കരിന്പ് ഒടിച്ചു തിന്നുന്നതും വ്യാപാര സ്ഥാപനങ്ങളിൽ കയറി പഴം, പച്ചക്കറി, പലഹാരങ്ങൾ എന്നിവ എടുത്തുകൊണ്ടു പോകുന്നതും തടയാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് കർഷകരും വ്യാപാരികളും.
വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ അവരെ ഭയപ്പെടുത്തിയാണ് വാനരൻമാർ ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നത്.
വീട്ടുവളപ്പുകളിൽ അടുക്കളതോട്ടമായി വച്ചുപിടിപ്പിക്കുന്ന പച്ചക്കറി കൃഷിയും വാനരൻമാർ നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ വീട്ടമ്മമാർ അടുക്കളതോട്ടംപോലും ഉപേക്ഷിക്കുകയാണ്.
ചിന്നാർ വനാതിർത്തിയോടും മറയൂർ ചന്ദന ഡിവിഷനിലെ ചന്ദന റിസർവ് 52-നോടു ചേർന്നാണ് മറയൂർ. മുൻകാലങ്ങളിൽ വാനരൻമാർ ധാരാളമുണ്ടായിരുന്നെങ്കിലും ടൗണിലും സമീപത്തുള്ള വീടുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയിരുന്നില്ല.
ഇപ്പോൾ ശല്യമുണ്ടാക്കുന്ന വാനരൻമാർ തമിഴ്നാട്ടിൽനിന്ന് എത്തിയതാണെന്നു പറയുന്നു.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തരേയും പരിസരത്തുള്ള വ്യാപാരികളേയും ശല്യംചെയ്യുന്നത് അസഹനീയമായതോടെ തമിഴ്നാട് വനംവകുപ്പ് വാനരൻമാരെ കൂടുവച്ച് പിടികൂടി അതിർത്തിപ്രദേശമായ ആനമല ടൈഗർ റിസർവിന്റെ ഭാഗമായ ചിന്നാറിൽ കൊണ്ടുവന്നു വിട്ടതാണെന്നും മറയൂർ നിവാസികൾ പറയുന്നു.
ഈ വാനരൻമാരുടെ ദേഹത്ത് പരിക്കേറ്റ ധാരാളം പാടുകളുമുണ്ട്.ഇത്തരം വാനരൻമാരെ ജനവാസ മേഖലയിലേക്കു വരാതെ ഉൾവനത്തിൽ കൊണ്ടുപോയി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.