ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനോടു ചേർന്ന് പള്ളം പ്രദേശത്തുകാരാണ് വാനരശല്യം മൂലം കഷ്ടത്തിലായത്.
ആഴ്ചകൾക്കു മുന്പ് വന്നു കൂടിയ മർക്കടൻ നാട്ടിൽ കലാപകാരിയായി തീർന്നിരിക്കുകയാണ്.
കുരങ്ങ് ശല്യം മൂലം കഷ്ടത്തിലായ പ്രദേശവാസികൾ രേഖാമൂലം വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടികളും ഉണ്ടാകുന്നില്ലന്നാണ് ജനങ്ങളുടെ പരാതി.
വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് മർക്കടവിനോദം.
വീടുകളുടെ ഓടുകൾ ഇളക്കി അകത്തു പ്രവേശിച്ചു കയ്യിൽ കിട്ടിയതുമായി കടന്നു കളയുന്ന സ്വഭാവക്കാരനാണ് മർക്കടൻ.
തെങ്ങുകളിൽ കയറി തേങ്ങയും ഇളനീരും മച്ചിങ്ങയും വരെ നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. ആഹാരയോഗ്യമായ എന്തുകിട്ടിയാലും അതുതിന്നുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും കുരങ്ങന്റ പതിവാണ്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ഭാഗത്തും കുരങ്ങൻ എത്തുന്നുണ്ട്. റെയിൽവേയുടെ ഇലക്ട്രിക്കൽ ലൈൻ കടന്നു പോകുന്ന പോസ്റ്റുകളിൽ കയറി അഭ്യാസ കാഴ്ചകൾ നടത്തുന്നതും കുരങ്ങന്റ ഇഷ്ടവിനോദമാണ്.
പ്രദേശത്തുള്ള കടകളിൽ നിന്ന് അതിക്രമിച്ചു കയറി പഴക്കുലകളിൽ നിന്ന് പഴങ്ങൾ ഇരിഞ്ഞ് ഓടുന്നതും പതിവാണ്. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മറ്റു സാധനസാമഗ്രികളും നശിപ്പിക്കുന്നുണ്ട്.
കുരങ്ങുശല്യം വ്യാപകമായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വാർഡ് കൗണ്സിലർ നിരവധിതവണ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് അധികൃതർ ഇതിനുതയാറാകുന്നില്ലെന്നാണ് ഉയർന്നുവന്നിട്ടുള്ള പരാതി.
കുരങ്ങൻ കാരണം പ്രദേശവാസികളുടെ മനസമാധാനം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. എപ്പോഴാണ് കുരങ്ങന്റെ ആക്രമണം ഉണ്ടാവുകയെന്ന കാര്യം കണ്ടറിയേണ്ട അവസ്ഥയാണ്.
കുട്ടികളുടെയും പ്രായമായവരുടേയും നേർക്ക് ആക്രമണ ഭാവത്തോടെ കുരങ്ങൻ പാഞ്ഞടുക്കുന്നതും പതിവായിട്ടുണ്ട്.