കോവിഡ് ലോകത്ത് ഭീതി വിതയ്ക്കുന്നത് തുടരുമ്പോള് ഇതുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധങ്ങളും പ്രചരിക്കുന്നുണ്ട്.
ചിലര് ബോധപൂര്വമായി ഇത്തരം അസംബന്ധം പടച്ചു വിടുന്നതില് വാപൃതരായിക്കഴിയുന്നു.
ഇപ്പോള് ലോകത്തിനു ഭീതിയായി കുരങ്ങുപനി കൂടി എത്തിയതോടെ കോവിഡിനെയും കുരങ്ങുപനിയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകള്ക്കും പഞ്ഞമില്ല.
കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാര്ത്തകള് പലയിടത്തും പ്രചരിക്കുന്നത്.
കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്സി വൈറസ്’ കോവിഡ് വാക്സിനുകളില് അടങ്ങിയിട്ടുണ്ടെന്നാണ് ചിലര് പ്രചരിപ്പിക്കുന്നത്.
കുരങ്ങുകളുടെ കോശങ്ങളില്നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്ഡ് സര്വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില് ഇത്തരം ചിമ്പാന്സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം.
ചിമ്പാന്സികളില് ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര് വൈറസുകളായി ആസ്ട്രസെനെക വാക്സിനില് ഉപയോഗിക്കുന്നുണ്ട്.
ഇതാണ് ചിലര് ‘കുരങ്ങുപനി സിദ്ധാന്തം’ പടച്ചുവിടുന്നതിനു പിന്നിലുള്ളതെന്ന് ഗവേഷകര് പറയുന്നു. വ്യാജവാര്ത്തകള് നിര്മിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്ക്ക് അടിസ്ഥാനമില്ലെന്നുമാണ് ശാസ്ത്രജ്ഞര് വ്യക്തമാക്കുന്നത്.