കുളത്തുപ്പുഴ: കുളത്തുപ്പുഴയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് പരിക്കേറ്റു. കുളത്തുപ്പുഴ സാംനഗര്‍ മേലേവീട്ടില്‍ ഷൈജു-ആഷ്ലി ദമ്പതികളുടെ മകന് അല്‍ഫിദ് ഷൈജുവിനാണ് പരിക്കേറ്റത്. വീടിനു മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന അല്ഫിദിനെ കൂട്ടത്തോടെ എത്തിയ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മാതാവ് ആഷ്ലി ഓടിയെത്തി കുരങ്ങുകളെ ഓടിക്കുകയായിരുന്നു. ആഷ്ലിക്ക് നേരെയും കുരങ്ങുകള്‍ ആക്രമണത്തിനൊരുങ്ങി. നിലത്തുവീണ അല്ഫിദിനെ തുടയിലും കൈ, കാല് മുട്ടുകളിലും കുരങ്ങുകള്‍ മാന്തി പരിക്കേല്‍പ്പിച്ചു.
ഉടന്‍ തന്നെ അല്ഫിദിനെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും ഇവിടെ നിന്നും പുനലൂര്‍ ആശുപത്രിയിലും എത്തിച്ചു. കുട്ടി ആയതിനാല്‍ പ്രതിരോധ മരുന്ന് നല്‍കുന്നതിനായി പുനലൂര്‍ താലൂക്ക് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അല്ഫിദിനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിച്ചത്.
ഇവരുടെ വീടിനു സമീപത്തെ വീട്ടിലെ പത്ത് ദിവസം മാത്രം പ്രായം ചെന്ന കുഞ്ഞിനേയും കുരങ്ങുകള്‍ ആക്രമിക്കാന്‍ ശ്രമം നടത്തി. വീട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് കുരങ്ങുകള്‍ ഓടിപോവുകയായിരുന്നു.