തങ്ങളെ മോഷ്ടിക്കാനെത്തിയ കള്ളന്മാരേ അടിച്ചോടിച്ച് സ്ക്വുരല്‍ കുരങ്ങുകള്‍. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്‍ മൃഗശാലയിലാണ് സംഭവം. വിപണിയില്‍ വലിയ വിലയുള്ളവയാണ് ഈ ഇനം കുരങ്ങുകള്‍. രാത്രിയില്‍ മൃഗശാലയിലെത്തിയ മോഷണസംഘം കൂടു പൊളിച്ച് ഒരു കുരങ്ങിനെ കൈക്കലാക്കിയതോടെ ബാക്കിയുള്ളവ ചീറിയടുക്കുകയായിരുന്നു.
കമ്പിവടിയുള്പ്പെടയുള്ള ആയുധങ്ങള്‍കൊണ്ട് കള്ളന്മാര് ചെറുത്തെങ്കിലും വാനരശൗര്യത്തിനുമുന്നില് പിടിച്ചുനില്‍ക്കാനായില്ല. കൈക്കലാക്കിയ കുരങ്ങിനെ തിരികെ കൂട്ടിലിട്ടതോടെയാണ് വാനരസേന ആക്രമണം അവസാനിപ്പിച്ചത്. മൃഗശാല അധികൃതര്‍ സംഭവമറിഞ്ഞത് പിറ്റേന്നാണ്. കൂടു തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കുരങ്ങുകള്‍ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയത്.
എന്നാല്‍, എല്ലാവരെയും കൂടിനുള്ളില്‍ത്തന്നെ കണ്ടെത്തി. ചില കുരങ്ങുകള്‍ക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുരങ്ങുകള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ല. മനുഷ്യരോടു തീരെ ഇണക്കം പ്രകടിപ്പിക്കാത്ത സ്കുരല്‍ കുരങ്ങുകള്‍ കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്.