നേര്യമംഗലം- മൂന്നാര്‍ ദേശീയപാതയില്‍ കാറപകടത്തില്‍പ്പെട്ട കുടുംബത്തിന് തുണയായ വാനരന്മാര്ക്ക് വിരുന്നൂട്ടി നാട്ടുകാര്‍. ജൂലൈ 22നായിരുന്നു കുരങ്ങന്മാര് അഞ്ചംഗകുടുംബത്തിന് രക്ഷകരായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍സാരി അടിമാലിയുടെ നേതൃത്വത്തിലാണ് വാഹനയാത്രക്കാര്‍ക്ക് കാവലാകുന്ന കുരങ്ങന്മാര്ക്ക് വിരുന്നൂട്ടാന്‍ നാട്ടുകാരെത്തിയത്.
അടിമാലി അമ്പഴച്ചാലില്‍ ചക്കാലയില്‍ ജോജി (43), മക്കളായ ആരോണ്‍ (11), ആല്ബിന് (9), ശാരോണ്‍ (5) എന്നിവര്‍ക്കായിരുന്നു 21ന് പരിക്കേറ്റത്. ജോജിയുടെ അമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരാനായാണ് ജോജിയും മക്കളും അമ്മയും അടിമാലിയില്‍ നിന്ന് യാത്ര തിരിച്ചത്. ചീയപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞ് രണ്ട് വളവുകള്‍ കഴിഞ്ഞുള്ള കൊടും വളവില്‍ എത്തിയപ്പോള്‍ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ 100 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. കാര്‍ അപകടത്തില്‍പ്പെട്ടത് അതുവഴി വന്ന വാഹനങ്ങളുടെയോ കാല്‍നടക്കാരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ല.
കാര്‍ മറിഞ്ഞ ഭാഗത്ത് സെക്കന്‍ഡുകള്‍ക്കകം പാഞ്ഞെത്തിയ വാനരക്കൂട്ടം ബഹളമുണ്ടാക്കാന്‍ തുടങ്ങി. താഴെ ജീവനു വേണ്ടി നിലവിളിക്കുന്ന കാഴ്ച കണ്ടിട്ടാണോ കുരങ്ങന്മാര് കാറിന് അടിയില്‍പ്പെട്ടിട്ടാണോയെന്ന് അറിയില്ല, എന്തായാലും നൂറ്റമ്പതിലധികം വരുന്ന വാനരന്മാര് ബഹളം കൂട്ടിയതാണ് അഞ്ചംഗ കുടുംബത്തിന് രക്ഷയായത്. ഏതാനും മിനിറ്റ് കഴിഞ്ഞ് തൊടുപുഴനെടുങ്കണ്ടം റൂട്ടിലോടുന്ന ‘ശക്തി’ ബസ് സ്ഥലത്തെത്തിയപ്പോള്‍ വാനരക്കൂട്ടത്തിന്റെ ബഹളം കേട്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി താഴെയിറങ്ങി പരിശോധിച്ചപ്പോഴാണ് താഴെ കാര്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബസ് ജീവനക്കാരായ സനില്‍, അനീഷ്, ബിനീഷ് എന്നിവരും യാത്രക്കാരായ തൊടുപുഴ സ്വദേശികളായ തോമസ്കുട്ടി, രാജേഷ്, അതുവഴി വന്ന ലോറി െ്രെഡവറും ചേര്‍ന്ന് താഴ്ചയിലേക്ക് ഇറങ്ങി.
കാറിനുള്ളിലുള്ളവരുടെ കൂട്ട നിലവിളി കേള്‍ക്കാമായിരുന്നു. ഇവരെ കണ്ടതോടെ പരിക്കേറ്റ് രക്തംവാര്‍ന്ന് അവശനിലയിലായ അച്ഛനും മക്കളും വാവിട്ട് നിലവിളിച്ചു. ജോജിയേയും മക്കളേയും എല്ലാവരും ചേര്‍ന്ന് വളരെ ബുദ്ധിമുട്ടിയാണ് റോഡിലെത്തിച്ചത്. അതുവഴി വാഹനത്തില്‍ ഇവരെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച ഇവര്‍ ആശുപത്രി വിട്ടു. കാറിലുള്ളവരെ മുകളിലെത്തിക്കുന്നതു വരെ വാനരക്കൂട്ടവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മൂന്നുവര്‍ഷം മുമ്പ് ചീയപ്പാറയില്‍ മണ്ണിടിച്ചിലുണ്ടാകുന്നതിനു തൊട്ടുമുമ്പും വാനരന്മാര് ഇതുപോലെ സൂചന നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.