അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് കുളിക്കാന്‍ വസ്ത്രങ്ങള്‍ അഴിച്ചുവച്ച് വെള്ളത്തില്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കുക…നിങ്ങളുടെ വസ്ത്രം മോഷണം പോകാന്‍ സാധ്യതയുണ്ട്. കുളികഴിഞ്ഞ് കയറുമ്പോള്‍ വസ്ത്രങ്ങള്‍ അവിടെ ഉണ്ടാകണമെന്നില്ല. വില്ലന്മാരായ കുരങ്ങുകള്‍ വസ്ത്രങ്ങള്‍ അടിച്ചുമാറ്റുക മാത്രമല്ല ചിലപ്പോള്‍ അത് ഇട്ടുനോക്കുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണ് ഇവിടെ. ആളുകള്‍ വെള്ളത്തില്‍ ഇറങ്ങുന്നതും നോക്കി തക്കം പാര്‍ത്തിരുന്ന് കവരുന്ന വസ്ത്രങ്ങള്‍ മരക്കൊമ്പുകളില്‍ വയ്ക്കുകയോ പിച്ചിച്ചീന്തി കളയുകയോ ആണു പതിവ്.
പിറകെ ചെല്ലുന്നവരെ ചീറ്റി ഭയപ്പെടുത്തി ഓടിക്കും. കഴിഞ്ഞ ദിവസം സന്ദര്ശകന് കരയില്‍ ഊരി വച്ച ജീന്‍സും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ ചാവിയും കുരങ്ങുകള്‍ തട്ടിയെടുത്തു. ഉടുതുണി നഷ്ടപ്പെട്ടവര്‍ പലപ്പോഴും കുരങ്ങന്മാരുടെ ആക്രമണം ഭയന്ന് പിറകെ പോകാതെ പിന്മാറുകയാണ് പതിവ്. ചെരിപ്പുകള്‍ കടിച്ചുമുറിക്കാനും ഇവര്‍ക്ക് ഇഷ്ടമാണ്. സന്ദര്‍ശകരുടെ കയ്യില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതു തട്ടിയെടുക്കാതെ കുരങ്ങന്മാര് വിശ്രമിക്കാറില്ല.