മുട്ടം: ഇടപ്പള്ളി മേഖലയിൽ വാനരൻമാരുടെ ശല്യംമൂലം നാട്ടുകാർ പൊറുതി മുട്ടുന്നു. ഓടിച്ചുവിട്ടാലും തിരികെയെത്തി വീടുകളിൽ ശല്യമുണ്ടാക്കുകയാണ് ഇവറ്റകളുടെ പതിവ്. മുണ്ടുപാലത്തിങ്കൽ ബിനോയിയുടെ വീട്ടിലാണ് ഇന്നലെ കുരങ്ങ് എത്തിയത്. വീട്ടുകാർ ഓടിച്ചപ്പോൾ ഇല്ലിചാരി മലയുടെ ഭാഗത്തേക്ക് ഇത് കയറിപ്പോയി.
മുട്ടം പഞ്ചായത്തിലെ ഇടപ്പള്ളി, പഴയമറ്റം, ഇല്ലിചാരി, തോണിക്കുഴി പ്രദേശവാസികൾ കുരങ്ങുശല്യത്താൽ പൊറുതി മുട്ടുകയാണ്. പാന്പനാനി, തോണിക്കുഴി, ഇല്ലിചാരി, കാട്ടോലി പ്രദേശങ്ങൾക്ക് സമീപത്തുള്ള വനമേഖലകളിൽനിന്നാണ് ഇവ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് എത്തുന്നത്. വീടുകളുടെ മുറ്റത്തും വരാന്തയിലും കൂടാതെ മുറികളിലേക്കും അടുക്കളയിലേക്കും വരെയാണ് വാനരൻമാർ എത്തുന്നത്.
ചിലപ്പോൾ ഇവ ചെറിയ കുട്ടികൾക്കുനേരെയും പാഞ്ഞടുക്കുന്നുണ്ട്. ഏതാനും ആഴ്ചമുൻപ് പഴയമറ്റം തോണിക്കുഴി ഭാഗത്ത് കൂട്ടത്തോടെ എത്തിയ കുരങ്ങുകൾ കാർഷിക വിളകൾക്ക് ഏറെ നാശനഷ്ടം ഉണ്ടാക്കിയിരുന്നു.
മലമുകളിൽ തീറ്റ കിട്ടാത്തതിനാൽ ഭക്ഷണം തേടിയാണ് കുരങ്ങുകൾ മലയിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.