ഒരു സമയത്ത് ലോകത്തെ ആശങ്കപ്പെടുത്തിയ ഏകശില വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇപ്രാവശ്യം തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സന്‍ലി ഉര്‍ഫയിലാണ് ഏകശില കണ്ടെത്തിയത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന ഏകശില കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു.തുര്‍ക്കിയിലെ പുരാതന ക്ഷേത്രമായ ഗോപെക്ലിടെപെയ്ക്ക് സമീപമാണ് ഏകശില ഉയര്‍ന്നിരിക്കുന്നത്. 12000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം യുനെസ്‌ക്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ്.
മൂന്ന് മീറ്ററോളം ഉയരമുണ്ട് ലോഹനിര്‍മിതമായ ഈ ഏകശിലയ്ക്ക്. 45 സെന്റീമീറ്ററോളം വീതിയുള്ള ഏകശിലയുടെ മുകളിലായി പ്രാചീന ഭാഷയായ ഗോതുര്‍ക്ക് ലിപിയില്‍ എഴുതിയിട്ടുമുണ്ട്. ‘ചന്ദ്രനെ കാണണമെങ്കില്‍ ആകാശത്തേക്ക് നോക്കൂ’ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
ഫ്യുവട്ട് ഡെമിര്‍ഡില്‍ എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഏകശില സ്ഥാപിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്നും മടങ്ങുവഴിയാണ് ഇത് കണ്ടതെന്നും ഉടന്‍തന്നെ സുരക്ഷാസേനയെ വിവരമറിയിച്ചെന്നും ഡെമിര്‍ഡില്‍ വ്യക്തമാക്കി.
ഏകശിലകാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുംപോലും ആളുകളെത്തുന്നുണ്ട്. എത്രയും വേഗം ഏകശില സ്ഥാപിച്ചവര്‍ തന്റെ സ്ഥലത്തുനിന്ന് ഇത് നീക്കം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഡെമിര്‍ഡില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനുചുറ്റും സുരക്ഷാസേനയെ വിന്യസിച്ചിട്ടുമുണ്ട്.
അമേരിക്കയിലെ യൂട്ടായിലായിരുന്നു ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. ലോകത്തെ അമ്പരപ്പിച്ച സംഗതിയായിരുന്നു അത്.
വിജനമേഖലയായ ഇവിടെ എങ്ങിനെ ഇങ്ങനൊരു ശില വന്നു എന്നതായിരുന്നു ആളുകളെ ഏറ്റവും അമ്പരപ്പിച്ച സംഗതി. പാറക്കെട്ടിലേക്ക് എങ്ങനെ ഇതിത്ര ഭംഗിയായി തുരന്നിറക്കി വച്ചു എന്നത് വേറൊരു സംശയം.
ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം നാലു പേര്‍ ചേര്‍ന്ന് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പ്രചരിച്ചു. എന്നാല്‍ ആരാണിവര്‍ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമുണ്ടായില്ല.
പിന്നീട് പ്രത്യക്ഷപ്പെടുന്നത് റുമേനിയയിലാണ്. അവിടെ നീംറ്റ് പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പുരാതനവും അല്‍പം നിഗൂഢതയുമൊക്കെയുള്ള കോട്ടയ്ക്കു സമീപമാണ് രണ്ടാമത്തെ ഏകശില പൊടുന്നനെ ഉയര്‍ന്നത്.
എന്നാല്‍ യൂട്ടായിലെ ഏകശില പോലെ അത്ര ഫിനിഷിങ്ങും ഭംഗിയുമൊന്നും ഇതിനില്ലായിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കലിഫോര്‍ണിയയിലും പ്രത്യക്ഷപ്പെട്ടു ഒരെണ്ണം.
മേഖലയിലെ പൈന്‍ മലമുകളിലാണ് ഇതു കണ്ടത്.വെള്ളികൊണ്ട് നിര്‍മിച്ച നിലയിലായിരുന്നു ഈ പാളി. ഇങ്ങനെ തുടരെത്തുടരെ മോണോലിത്തുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ചര്‍ച്ചകള്‍ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റിയായി.
എന്നാല്‍ അധികൃതര്‍ സംശയിച്ചത് ഏതോ കലാകാരന്‍മാര്‍ ഒപ്പിച്ച പണിയാണിതെന്നാണ്.വളരെ സവിശേഷതയുള്ള ഭൂഭാഗങ്ങളില്‍ കലാനിര്‍മിതികള്‍ സ്ഥാപിക്കുന്ന ‘ലാന്‍ഡ് ആര്‍ട്’ എന്ന കലാശാഖ വളരെ പ്രശസ്തമാണ്.
ഇത്തരത്തിലുള്ള ഒരു ലാന്‍ഡ് ആര്‍ട്ടാകാം ഏകശിലകളെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ആധുനിക കാലത്ത് മനുഷ്യരെ ഭീതിയിലാക്കിയ പല ക്രോപ്പ് സര്‍ക്കിളുകളും ഇത്തരത്തില്‍ ലാന്‍ഡ് ആര്‍ട്ടില്‍ താല്‍പര്യമുള്ളവരുടെ നമ്പറായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്.
ഏകശിലകള്‍ക്ക് അമേരിക്കന്‍ പൊതുബോധത്തില്‍ പ്രത്യേക ഒരു സ്ഥാനമുണ്ട്. 1968ല്‍ പുറത്തിറങ്ങിയ 2001 എ സ്‌പേസ് ഒഡീസി എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹോളിവുഡ് ചിത്രവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്‍ സര്‍ ആര്‍തര്‍ സി. ക്ലാര്‍ക്ക് തിരക്കഥയെഴുതി വിഖ്യാത സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത സ്‌പേസ് ഒഡീസിയില്‍ ഇത്തരം ഏകശിലകള്‍ പ്രധാന കഥാതന്തുവായി വരുന്നുണ്ട്.
പക്ഷേ അവ കറുത്തപ്രതലമുള്ളവയാണെന്ന വ്യത്യാസം മാത്രം. ഭൂമിയില്‍ ആദ്യകാലത്തു വസിച്ചിരുന്ന മനുഷ്യരില്‍ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്, അന്യഗ്രഹത്തില്‍ നിന്നുള്ള ഈ ഏകശിലകള്‍ സ്വാധീനം ചെലുത്തിയെന്നാണു ചിത്രത്തിന്റെ കഥ.
അതിനാല്‍ നിഗൂഢതയല്‍പം ശക്തമാക്കാന്‍ ലക്ഷ്യമിട്ടു തന്നെയാകാം ഏകശിലാപാളി തന്നെ തിരഞ്ഞെടുത്തത്. മാത്രമല്ല, ഈജിപ്തില്‍ പിരമിഡുകളുടെ സമീപം കണ്ടെത്തിയിട്ടുള്ള ഒബെലിസ്‌കുകളും നിഗൂഢസിദ്ധാന്തക്കാരുടെ റഡാറില്‍ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.
ഈ ഒബലിസ്‌കുകള്‍ സ്ഥാപിച്ചതും അന്യഗ്രഹജീവികളാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണോ ഇതെന്നു സംശയിക്കുന്നവരും കുറവല്ല.
ഏതായാലും ഏകശിലാപാളികള്‍ ഹിറ്റായി കഴിഞ്ഞു. ഒട്ടേറെ കമ്പനികള്‍ പോലും തങ്ങളുടെ മാര്‍ക്കറ്റിംഗ് ക്യാംപെയിനുകളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു തുടങ്ങി. എന്തായാലും മോണോലിത്തിനെച്ചൊല്ലിയുള്ള വാദങ്ങള്‍ മുറുകയാണ്.