കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണി പാലായിൽ വിളിച്ചു ചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് മോൻസ് ജോസഫ് എംഎൽഎ.
അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അടുത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. കോട്ടയം സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ അഭിപ്രാ യമുണ്ട്, അത് വ്യക്തമാക്കിയിട്ടുമുണ്ട്- മോൻസ് പറഞ്ഞു. ശനിയാഴ്ച നടന്ന യോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫും പങ്കെടുത്തിരുന്നില്ല.
ശനിയാഴ്ച രാത്രി ഏഴിനു കുറവിലങ്ങാട് നടന്ന യോഗത്തിൽ കെ.എം. മാണിക്കൊപ്പം മോൻസ് പങ്കെടുത്തിരുന്നെങ്കിലും പാലായിലെ യോഗത്തിലേക്കു വരാതെ അദ്ദേഹം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കു പിന്നാലെ പാർട്ടിയിൽ ഭിന്നത രൂപപ്പെട്ടതായി വാർത്തകൾ വരുന്നതിനിടെയാണ് പി.ജെ. ജോസഫും മോൻസും വിട്ടു നിന്നത്.