കൊച്ചി: മോന്സണ് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ ഹവാല പണമിടപാടില്‍ പരാതിക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. മോന്സണ് 10 കോടി രൂപ കൈമാറിയ പരാതിക്കാരായ യാക്കൂബ്, എം.ടി. ഷെമീര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ഇരുവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.
മോന്സണ് മാവുങ്കലിന് 10 കോടി രൂപ നല്‍കിയെന്ന് പ്രതികള്‍ ഇന്നലെയും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നാളിതുവരെയായിട്ടും പണത്തിന്റെ സ്രോതസ് ഹാജരാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം പറഞ്ഞു.
7.06 കോടി രൂപയാണ് യാക്കൂബ് മോന്‍സണിന് നല്‍കിയിട്ടുള്ളത്. ഷെമീര്‍ 45,000 രൂപ നേരിട്ടും 5000 രൂപ ഗൂഗിള്‍ പേ വഴിയും നല്കി. എന്നാല്‍ മോന്‍സണുമായി പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ 2.10 കോടി രൂപ മാത്രമേ ബാങ്ക് വഴി നല്‍കിയിട്ടുള്ളൂ. 7.90 കോടി രൂപ ഹവാലയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. യാക്കൂബിനെയും ഷെമീറിനെയും ചോദ്യംചെയ്ത ശേഷം ഹവാല പണമിടപാട് സംബന്ധിച്ച വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
പരാതിക്കാര്‍ ഇഡിക്കു മുന്നിലേക്ക്
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ പരാതിക്കാര്‍ ഇന്ന് ഹാജരായി മൊഴിനല്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മോന്‍സണുമായി നടത്തിയിട്ടുള്ള ബാങ്ക് ഇടപാടുകളുടെ രേഖകള്‍ പരാതിക്കാര്‍ ഇഡിക്ക് കൈമാറും. 10 കോടി രൂപയുടെ ഉറവിടം ഹാജരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും സൂചനയുണ്ട്.