കടുത്തുരുത്തി: സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ വൈദ്യൂത ലൈൻ പൊട്ടിവീണു ഷോക്കേറ്റുണ്ടായ അപകടത്തിൽ മരിച്ച പൂഴിക്കോൽ കരയിൽ താമസിക്കുന്ന ഉള്ളാടംകുന്നേൽ രശ്മി പ്രശാന്തിന്റെ നിർദ്ധന കുടുംബത്തെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
വൈദ്യുത ലൈൻ പൊട്ടി വീണുണ്ടായ അപകടമെന്ന നിലയിൽ കെഎസ്്ഇബിയുടെ പരമാവധി സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് വൈദ്യുതി വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയതായും എംഎൽഎ അറിയിച്ചു. വൈദ്യുതി വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം, ദുരിതാശ്വാസ ധനസഹായമായി പരമാവധി തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പുമന്ത്രി എം.എം മണിയോട് ആവശ്യപ്പെട്ടതായും എംഎൽഎ അറിയിച്ചു.
അപകട ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായവും സർക്കാർ ഈ കുടുംബത്തിന് അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വൈദ്യുതി കന്പി അപ്രതീക്ഷിതമായി പൊട്ടിവീണ സംഭവത്തെക്കുറിച്ച് കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തണമെന്ന് അപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം എംഎൽഎ ആവശ്യപെട്ടു.
പോലീസ് കേസെടുത്തു
കടുത്തുരുത്തി: മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുകളിലേയ്ക്ക് പൊട്ടിവീണ വൈദ്യുത കന്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മയായ യുവതി മരിച്ച സംഭവത്തിൽ കടുത്തുരുത്തി പോലീസ് കേസെടുത്തു. അസ്വാഭാവിക മരണമെന്ന നിലയിലാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അപകടസ്ഥലത്തെ പരിശോധനകളുടെയും അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതേസമയം സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ച്ച സംഭവിച്ചതായി ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.