കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ പണമൊഴുക്കിയത് ആഢംബര ജീവിതത്തിനെന്ന് സൂചന.
മോന്‍സനുമായി അടുപ്പമുള്ളവര്‍ക്കുവേണ്ടി ഇയാള്‍ വന്‍തുക നല്‍കിയിരുന്നതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുന്‍ ഡിഐജിയുടെയും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബത്തില്‍ നടന്ന പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് മോന്സന് ആയിരുന്നുവെന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
മുന്തിയ ഹോട്ടലുകളിലൊരുക്കിയ പിറന്നാള്‍ ആഘോഷത്തിന്റെ ആദ്യാവസാനം വരെ മോന്‍സനുണ്ടായിരുന്നു. അതോടൊപ്പം രണ്ട് നടിമാരുടെ വിവാഹത്തിനും ഇയാള്‍ പണം നല്കി ആഘോഷം നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഗൃഹപ്രവേശം!
അടുത്തിടെ ഗൃഹപ്രവേശം നടത്തിയ ഒരു പോലീസ് ഉന്നതനില്നിന്നു ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന.
അതേസമയം മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് അതില്‍ കൂടുതലായി പണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ എങ്ങനെയാണ് പണം കൈപ്പറ്റിയിരുന്നതെന്നും അന്വേഷണ പരിധിയില്‍ വരും.
മോൻസനുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ഈ പരിശോധനയില്‍ ചില പോലീസ് ഉന്നതരും ഉള്പ്പെട്ടിട്ടുണ്ടുവെന്നും സൂചനയുണ്ട്.